ഏഴു ജില്ലകളിലെ 9220 വാർഡുകളിലേക്കു നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പോളിംഗ്. ഉച്ചവരെ 42 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി 1.11 കോടി വോട്ടർമാരാണ് പോളിംഗ് ബൂത്തിലെത്തുക. ഏഴ് ജില്ലകളിലായി 36,161 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. വൈകിട്ട് അഞ്ചുവരെയാണ് പോളിംഗ് നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം പോളിംഗ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ.
തിരുവനന്തപുരം- 29, കൊല്ലം- 32 എന്നിങ്ങനെയാണ് തെക്കന്‍ ജില്ലകളിലെ പോളിംഗ്. മധ്യകേരളത്തില്‍ ഇടുക്കിയില്‍ മാത്രമാണ് ഇന്നു വോട്ടെടുപ്പ്. ഉച്ചവരെ ജില്ലയില്‍ 39 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കോഴിക്കോട്- 36, വയനാട്- 38, കണ്ണൂര്‍- 36, കാസര്‍ഗോഡ്- 37 എന്നിങ്ങനെയാണ് വടക്കന്‍ ജില്ലകളിലെ പോളിംഗ് ശതമാനം. ഇടുക്കിയില്‍ രാവിലെ മുതല്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തുന്നുണ്ട്.
വോട്ടർമാരിൽ സ്ത്രീകളാണ് കൂടുതൽ. സംസ്ഥാനത്താകെയുള്ള 1316 അതീവ പ്രശ്ന സാധ്യതാ ബൂത്തുകളിൽ 1019 എണ്ണവും ഇന്ന് വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലാണ്. ഇതിൽ പകുതിയും കണ്ണൂരിലും. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിലേക്ക് ഇന്നാണ് വോട്ടെടുപ്പ്.