ഏഴു ജില്ലകളിലെ 9220 വാർഡുകളിലേക്കു നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പോളിംഗ്. വോട്ടെടുപ്പ് ആരംഭിച്ച് മൂന്നു മണിക്കൂർ പിന്നിടുമ്പോൾ 29 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി 1.11 കോടി വോട്ടർമാരാണ് പോളിംഗ് ബൂത്തിലെത്തുക. ഏഴ് ജില്ലകളിലായി 36,161 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. വൈകിട്ട് അഞ്ചുവരെയാണ് പോളിംഗ് നടക്കുന്നത്.
ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ കണ്ണൂർ ജില്ലയിൽ പോളിംഗ് 25 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് 24 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ കൊല്ലം ജില്ലയില്‍ 21 ശതമാനം പോളിംഗും രേഖപ്പെടുത്തി.
ഇടുക്കി ജില്ലയിൽ ഒൻപതര വരെ 18 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കട്ടപ്പന നഗരസഭയിൽ 4.60 ശതമാനമാണ് രേഖപ്പെടുത്തിയത്. ഇടമലക്കുടിയിൽ ഒൻപതു വരെ 39.79 ശതമാനമാണ്.
വോട്ടർമാരിൽ സ്ത്രീകളാണ് കൂടുതൽ. സംസ്ഥാനത്താകെയുള്ള 1316 അതീവ പ്രശ്ന സാധ്യതാ ബൂത്തുകളിൽ 1019 എണ്ണവും ഇന്ന് വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലാണ്. ഇതിൽ പകുതിയും കണ്ണൂരിലും. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിലേക്ക് ഇന്നാണ് വോട്ടെടുപ്പ്.
വോട്ടെടുപ്പു സമാധാനപരമായി നടത്താനുള്ള സന്നാഹങ്ങൾ പൊലീസും ഏർപ്പെടുത്തി. 38,000 വരുന്ന പൊലീസ് സേന സജ്ജമാണ്. 1316 പ്രശ്നബാധിത ബൂത്തുകൾക്കായി പ്രത്യേക നിരീക്ഷണങ്ങളും ഏർപ്പെടുത്തി. ഇതിൽ ഏറിയപങ്കും കണ്ണൂരിലാണ് – 643.