ഡി വൈ എസ് പി കെ കെ രവീന്ദ്രനു മിന്നല്‍ വേഗത്തില്‍ വീണ്ടും തൃശൂരില്‍ നിയമനം; മന്ത്രിയുടെ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്

Webdunia
വെള്ളി, 29 ജനുവരി 2016 (11:43 IST)
മണ്ണുത്തി-അങ്കമാലി ദേശീയപാതയിലെ പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍ യാത്രക്കാരനെ അപമാനിച്ച  കെ കെ രവീന്ദ്രനെ സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പിയായി മിന്നല്‍ വേഗത്തില്‍ വീണ്ടും തൃശൂരില്‍ നിയമനം. ഈ സംഭവം നടന്നതിന്റെ അടിസ്ഥാനത്തില്‍ രവീന്ദ്രനെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു.

സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് കാസര്‍കോട്ട് ചുമതലയേല്‍ക്കാന്‍ ഡി വൈ എസ് പി  വിസമ്മതിച്ചിരുന്നു. കഴിഞ്ഞ ദിവസം ചുമതലയേറ്റതിന് തൊട്ടുപിറകെ തൃശൂരിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവും അദ്ദേഹം സമ്പാദിയ്ക്കുകയായിരുന്നു. തൃശൂര്‍ എസ് എസ് ബിയിലെ ഡി വൈ എസ് പി സുബ്രഹ്മണ്യനെ മാറ്റിയാണ് രവീന്ദ്രനെ നിയമിച്ചിരിക്കുന്നത്.  പെട്ടെന്നുള്ള ഈ സ്ഥലമാറ്റത്തിനു പിന്നില്‍ ഒരു മന്ത്രിയുടെ സമ്മര്‍ദമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആരോപണ വിധേയനായ ഡി വൈ എസ് പി കെ കെ  രവീന്ദ്രനെ കാസർകോട് നിയമിക്കുന്നത് ആ ജില്ലക്കാരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സോഷ്യൽ മീഡിയയിൽ വിമര്‍ശനം ഉയർന്നിരുന്നു. ഇത് വന്‍പ്രതിഷേധത്തിനു ഇടയാക്കുകയും ചെയ്തു.