അയാള്‍ അനുഭവിക്കാന്‍ പോകുകയാണ് - ഇബ്രാഹിംകുഞ്ഞിനെതിരെ ഒളിയമ്പെയ്‌ത് പിണറായി

സി എസ് നാരായണന്‍

വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (21:36 IST)
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഇന്ന് ഒരാളുടെ കഥ പുറത്തുവന്നിട്ടുണ്ട്. അയാള്‍ അനുഭവിക്കാന്‍ പോവുകയാണ്. മര്യാദയ്ക്കല്ലെങ്കില്‍ അയാള്‍ക്ക് സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടിവരും’ - ഇബ്രാഹിംകുഞ്ഞിനെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
 
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിനെ ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം. രണ്ടുദിവസത്തിനകം അറസ്റ്റിന്‍റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. ഇബ്രാഹിംകുഞ്ഞിന്‍റെ ഫോണുകള്‍ സ്വിച്ചോഫ് ആണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുന്‍‌മന്ത്രി ഇപ്പോള്‍ എവിടെയാണെന്നതിന് കൃത്യമായ വിവരമില്ല.
 
പാലം പണിക്കായി സ്വകാര്യ കമ്പനിക്ക് പലിശരഹിതമായി കോടിക്കണക്കിന് രൂപ മുന്‍‌കൂര്‍ നല്‍കിയത് ഇബ്രാഹിംകുഞ്ഞിന്‍റെ അറിവോടെയാണെന്ന് പാലം നിര്‍മ്മാണ സമയത്ത് പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി ഒ സൂരജ് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയാണ് ഇപ്പോള്‍ മുന്‍‌മന്ത്രിക്ക് കുരുക്കായി മാറിയിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍