പാലക്കാട് : ഭക്ഷണത്തിനു വകയില്ല, മകന്റെ അധ്യാപികയോട് 500 രൂപ കടം ചോദിച്ചു, ദിവസങ്ങൾക്കുള്ളിൽ അവരുടെ അക്കൗണ്ടിൽ 51 ലക്ഷമെത്തി. പാലക്കാട്ടെ കൂറ്റനാട് സ്വദേശി സുഭദ്രയ്ക്കാണ് അവരുടെ ദുരിതത്തെ കുറിച്ച് വിവരിച്ചു അധ്യാപിക ഇട്ട ഫേസ് ബുക്കിലെ പോസ്റ്റ് കണ്ടു ഇത്രയധികം സഹായമെത്തിയത്. സുഭദ്രയ്ക്ക് രോഗം ബാധിച്ചു കിടപ്പിലായ മകൻ ഉൾപ്പെടെ മൂന്നു മക്കളാണുള്ളത്. തീർത്തും താമസിക്കാൻ പോലും സാധിക്കാത്ത രീതിയിലുള്ള വീട്ടിലായിരുന്നു ഇവരുടെ വാസം. മാസങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ചതോടെ കൂലിപ്പണിക്ക് പോലും പോകാൻ കഴിയാത്ത സ്ഥിതിയായതോടെയാണ് ദാരിദ്ര്യം അതിന്റെ ഉച്ചസ്ഥായിൽ എത്തിയത്. സഹികെട്ട സുഭദ്ര വട്ടേനാട്ടിലുള്ള സ്‌കൂൾ അധ്യാപികയായ ഗിരിജയോട് 500 രൂപ കടം വാങ്ങാൻ വിളിച്ചു. ടീച്ചർ പണം നൽകി. എന്നാൽ ഇതിനിടെ സുഭദ്രയുടെ തീർത്താൽ തീരാത്ത ദുരിതത്തെ കുറിച്ച് അവർ ഫേസ് ബുക്കിൽ പോസ്റ്റിട്ടു. പോസ്റ്റ് കണ്ട ദയാലുക്കളായ അനവധി ആളുകൾ ഇവരുടെ അക്കൗണ്ടിൽ പണം അയയ്ക്കാൻ തുടങ്ങി. ഇതോടെ ആകെ തുക 51 ലക്ഷം രൂപമെത്തി.
പാതിവഴിയിലായ വീട് പണി പൂർത്തിയാക്കണം, മകന്റെ തുടർ ചികിത്സ നടത്തണം എന്നിവയൊക്കെയാണ് സന്തോഷ കണ്ണുനീർ വാർക്കുന്ന സുഭദ്രയുടെ ചിന്തകൾ. ഒരിക്കൽ പോലും കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത നിരവധി ആളുകളാണ് ഇവർക്ക് ഒരു കൈ സഹായം ചെയ്തത്. ആപത്തിൽ രക്ഷിക്കാൻ നൂറുനൂറു കൈകൾ എത്തിയ കാര്യമാണ് നാട്ടിൽ ഇപ്പോൾ എവിടെയും സംസാരം ഫേസ് ബുക്കിന്റെ ഒരു കാര്യമേ!!!