എം ബി രാജേഷ് എം പിക്ക് ഫോണില്‍ ഭീഷണി. ഗാന്ധിജിയുടെ കൊലപാതകവും അഫ്സല് ഗുരുവിനെ അനുകൂലിക്കുന്ന പി ഡി പിയുമായി ബി ജെ പി ഭരണം പങ്കിടുന്നതിലെ വൈരുദ്ധ്യവും ചൂണ്ടിക്കാട്ടി എ ബി രാജേഷ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണിപ്പെടുത്തിയത്.
ഗുജറാത്തില്‍ നിന്ന് ബിജു എന്ന് പേര് പറഞ്ഞാണ് തന്നെ വിളിച്ചതെന്ന് എം ബി രാജേഷ് പറഞ്ഞു. വിളിച്ചയാള്‍ ഭീഷണിപ്പെടുത്തുകയും തുടര്‍ച്ചയായി അസഭ്യം പറയുകയും ചെയ്തു. ഇതേതുടര്‍ന്ന് എം പി ഫോണ്‍ കട്ട് ചെയ്തു. എന്നാല്‍ വീണ്ടും വീണ്ടും ഇയാള്‍ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കോളര്‍ ഐ ഡി ഉണ്ടായിരുന്നതിനാല്‍ വിളിച്ചയാളുടെ നമ്പര്‍ വ്യക്തമായിട്ടുണ്ട്. ബിജുവെന്നാണ് പേര് പറഞ്ഞതെങ്കിലും രഞ്ജിത്ത് രവീന്ദ്രന് എന്നാണ് ഇയാളുടെ പേരെന്നും ചെങ്ങന്നൂര്‍ സ്വദേശിയാണെന്നും അന്വേഷണത്തില്‍ വ്യക്തമായതായി രാജേഷ് കൂട്ടിച്ചേര്‍ത്തു. ആന്ധ്രയിലാണ് ഇയാള്‍ ജോലി ചെയ്യുന്നതെന്നും വ്യക്തമായി. സംഭവത്തില്‍ പാലക്കാട് എസ് പിക്ക് പരാതി നല്‍കുമെന്നും രാജേഷ് വ്യക്തമാക്കി.