പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ന് പള്ളിവേട്ട

എ കെ ജെ അയ്യര്‍
വ്യാഴം, 14 ഏപ്രില്‍ 2022 (18:40 IST)
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോട് അനുബന്ധിച്ചുള്ള പള്ളിവേട്ട ഇന്ന് രാത്രി നടക്കും. തിരുവിതാംകൂർ രാജകുടുംബ സ്‌ഥാനി മൂലം തിരുനാൾ രാമവർമ്മയാണ് പള്ളിവേട്ട നടത്തുന്നത്.

പള്ളിവേട്ടയ്ക്ക് ഉടവാളുമായി സ്‌ഥാനി അകമ്പടിയേകും. ശ്രീപത്മനാഭ സ്വാമിയുടെ വില്ലേന്തിയ വിഗ്രഹത്തിനൊപ്പം തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി, നരസിംഹമൂർത്തി എന്നിവരുടെ വിഗ്രഹങ്ങളും എഴുന്നള്ളിക്കും.

പള്ളിവേട്ടയ്ക്കായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് വാദ്യമേളങ്ങൾ ഒന്നും ഉപയോഗിക്കാതെ നിശബ്ദമായി തുടങ്ങുന്ന വേട്ടപ്പുറപ്പാട് സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിൽ തയ്യാറാക്കിയിട്ടുള്ള വേട്ടക്കാലത്തിലെത്തും. വേട്ടയുടെ പ്രതീകമായി കരിക്കിൽ അമ്പ് എയ്താണ് വേട്ട. വേട്ട കഴിഞ്ഞു ശംഖ് വിളിച്ചു വാദ്യമേള ആഘോഷങ്ങളോടെയുള്ള ഘോഷയാത്ര ക്ഷേത്രത്തിലേക്ക് പുറപ്പെടും.

തുടർന്ന് പത്മനാഭ സ്വാമിയുടെ തിരുനടയിൽ ഒറ്റക്കൽ മണ്ഡപത്തിൽ വിഗ്രഹം വച്ച് നവധാന്യങ്ങൾ മുളപ്പിച്ചതും ചേർത്ത് മുളയീട് പൂജ നടത്തും. വെള്ളിയാഴ്ച വെളുപ്പിന് അഞ്ചു മണിക്ക് പശുവിനെ മണ്ഡപത്തിൽ എത്തിച്ചു പള്ളിക്കുറുപ്പ് ദർശനവും തുടർന്ന് വിഗ്രഹങ്ങൾക്ക് നിര്മാല്യവും നടത്തും. വെള്ളിയാഴ്ചയാണ് പത്മനാഭസ്വാമിയുടെ തിരു ആറാട്ട്. വൈകിട്ട് അഞ്ചു മണിക്കാണ് ശംഖുമുഖത്തെ ആറാട്ട് കടവിലേക്കുള്ള ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article