ആര്‍എസ്എസിന് പ്രിയങ്കരനായിട്ടും മോഹന്‍ലാല്‍ പുറത്ത്; ഇടത് സഹയാത്രികനായ മമ്മൂട്ടിയും ഔട്ട്; സംസ്ഥാനം നല്‍കിയ പട്ടികയ്‌ക്ക് പുല്ലുവില കല്‍പ്പിച്ച് കേന്ദ്രം
ചൊവ്വ, 30 ജനുവരി 2018 (14:14 IST)
ഇത്തവണ മൂന്നു മലയാളികള്‍ പത്മ പുരസ്കാരത്തിന് അര്‍ഹമായത് കേന്ദ്രത്തിന്റെ ഇടപെടല്‍ മൂലം. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടിക വെട്ടിനിരത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പുരസ്കാര നിര്‍ണയം നടത്തിയിരിക്കുന്നത്. ഇതു വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
മന്ത്രി എകെ ബാലന്‍ കണ്‍വീനറായി പ്രത്യേക കമ്മറ്റി തയ്യാറാക്കിയ പട്ടികയില്‍ സിനിമാ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള 42 പേരുടെ പേരുകളുണ്ടായിരുന്നു. എന്നാല്‍, ഈ പട്ടികയില്‍ നിന്ന് പുരസ്കാരത്തിന് അര്‍ഹമായത് മാർത്തോമ്മ സഭ വലിയ മെത്രാപ്പൊലീത്ത ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാത്രമാണ്.
പത്മവിഭൂഷണ്‍ ബഹുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പേര് സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടേതായിരുന്നുവെങ്കിലും ആര്‍എസ്എസ് ചിന്തകനും ബിജെപി അനുഭാവിയുമായ പിപരമേശ്വരനാണ് കേന്ദ്രസര്‍ക്കാര്‍ പത്മവിഭൂഷണ്‍ നല്‍കിയത്.
പത്മശ്രീ പുരസ്കാരത്തിന് 35 പേരുടെ പട്ടികയാണു സംസ്ഥാനം സമര്‍പ്പിച്ചുവെങ്കിലും ഈ പട്ടികയില്‍ ഉള്‍പ്പെടാത്ത ഡോ എംആർ രാജഗോപാൽ, ലക്ഷ്മിക്കുട്ടിയമ്മ എന്നിവർക്കു കേന്ദ്രസര്‍ക്കാര്‍ പത്മശ്രീ നല്‍കുകയായിരുന്നുവെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫിസ് ജോമോന്‍ പുത്തന്‍ പുരയ്ക്കലിനു നല്‍കിയ വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു.
മമ്മൂട്ടി, മോഹന്‍ലാല്‍, കലാമണ്ഡലം ഗോപി, പെരുവനം കുട്ടന്‍മാരാര്‍, സുഗതകുമാരി, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്നിവരെയാണു പത്മഭൂഷണിനായി കേരളം ശുപാര്‍ശ ചെയ്തത്. എന്നാല്‍, ഇവരില്‍ നിന്നും ക്രിസോസ്റ്റത്തെ മാത്രം തെരഞ്ഞെടുക്കുകയായിരുന്നു.