കണ്ണൂര്‍ കോണ്‍ഗ്രസില്‍ വിമത കലാപം ഉയര്‍ത്തിയ പി കെ രാഗേഷിന്റെ പിതാവിന്റെ സ്മൃതിമണ്ഡപത്തില്‍ അജ്ഞാതര്‍ ചുവപ്പ് ചായം തേച്ചു. പുതിയതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്‌ഥാനത്തേക്കുള്ള മത്സരത്തില്‍ പി കെ രാഗേഷ് ഇന്നലെ ഇടതുപക്ഷത്തിന് വോട്ട് രേഖപ്പെടുത്തിയിരുന്നു.
ഇതിലുള്ള വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നാണ് കരുതുന്നത്. അതേസമയം പിതാവിന്റെ സ്മൃതി മണ്ഡപത്തില്‍ ചായം തേച്ചതിനു പിന്നില്‍ കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് രാഗേഷ് ആരോപിച്ചു. യുഡിഎഫിനും എല്‍ഡിഎഫിനും തുല്യ സീറ്റുകള്‍ ഉണ്ടായിരുന്നതിനാല്‍ കണ്ണൂരിലെ ആദ്യ മേയര്‍ സ്‌ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രാഗേഷിന്റെ വോട്ട് നിര്‍ണ്ണായകമായിരുന്നു.
എന്നാല്‍ ഇടതു സ്‌ഥാനാര്‍ത്ഥി ഇ പി ലതയ്‌ക്ക് വോട്ടു ചെയ്‌ത ശേഷം ഇദ്ദേഹം പെട്ടെന്ന് സ്‌ഥലം വിടുകയായിരുന്നു. പിന്നാലെ ഡപ്യൂട്ടി മേയര്‍ സ്ഥാനം നറുക്കെടുപ്പിലൂടെ യുഡിഎഫിനു ലഭിക്കുകയും ചെയ്തു. അത് മുസ്‌ളീംലീഗ് നേടി.
ചായം തേക്കല്‍ന്‍ സംഭവത്തിനു പിന്നാലെ രാഗേഷ് തനിക്ക് സുരക്ഷയ്‌ക്കായി പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. തനിക്കെതിരേ ഉണ്ടായേക്കാവുന്ന ആക്രമണ സാധ്യതകള്‍ കണക്കിലെടുത്തായിരുന്നു രാഗേഷ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നത്. സംഭവത്തിനു ശേഷം നടന്ന ചര്‍ച്ചകളിലും യോഗങ്ങളിലും രാഗേഷ് പൊലീസ് സംരക്ഷണയിലാണ് പങ്കെടുത്തത്.
കണ്ണൂര്‍ പള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു രാഗേഷിന്റെ പിതാവ് പുതിയാമ്പറത്ത് ഗോവിന്ദന്‍. ഇദ്ദേഹത്തിന്റെ ചരം വാര്‍ഷികം കഴിഞ്ഞ പത്തിന് പയ്യമ്പലത്ത് വച്ച് നടന്നിരുന്നു. അന്ന് രാഗേഷിന്റെ എതിരാളിയായ കെ സുധാകരന്‍ അടക്കമുള്ള ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിരുന്നു.