കൊല്ലം നഗരത്തില്‍ പാഞ്ഞുനടന്ന ‘ലാദന്‍റെ കാര്‍’ ആരുടേത്? ഭീകരസംഘടനകളുടെ ലക്‍ഷ്യം കേരളമോ? - ആശങ്കയുണര്‍ത്തി അന്വേഷണം വഴിത്തിരിവില്‍

തിങ്കള്‍, 6 മെയ് 2019 (18:50 IST)
ഒസാമ ബിന്‍ ലാദന്‍റെ ചിത്രം പതിച്ച കാര്‍ കൊല്ലം നഗരത്തിലൂടെ സഞ്ചരിക്കുന്നതായുള്ള വിവരം ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. ഇതേക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് കഴിഞ്ഞ ദിവസം വിവരം ലഭിക്കുകയായിരുന്നു. നഗരമധ്യത്തില്‍ വച്ച് വീണ്ടും കാര്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടു. കാറിന്‍റെ ചിത്രങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ഇവര്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരവിപുരം പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തത്. 
 
പശ്ചിമബംഗാള്‍ രജിസ്ട്രേഷനിലുള്ള കാറിന്‍റെ ഡിക്കിയിലാണ് ഒസാമ ബിന്‍ ലാദന്‍റെ ചിത്രം പതിച്ചിട്ടുള്ളത്. ബംഗാള്‍ സ്വദേശിയുടെ പേരിലാണ് കാറിന്‍റെ രജിസ്ട്രേഷനെന്നാണ് അറിയുന്നത്. 
 
കാര്‍ ഓടിച്ചിരുന്ന യുവാവിനെ പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ വിവാഹാവശ്യത്തിനായി കൊല്ലം പള്ളിമുക്ക് സ്വദേശിയില്‍ നിന്ന് വാടകയ്ക്ക് എടുത്തതാണെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. പള്ളിമുക്ക് സ്വദേശിയെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. 
 
സംസ്ഥാനത്ത് ആക്രമണം നടത്താന്‍ ഭീകരസംഘടനകള്‍ പദ്ധതിയിട്ടിരുന്നു എന്ന് ശ്രീലങ്കന്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്തായാലും വിശദമായ പരിശോധന നടത്താനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും കാറിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍