ഓപറേഷന്‍ ലോട്ടസ്; അക്കൌണ്ട് തുറക്കലല്ല, അധികാരം പിടിക്കലാണ് ലക്ഷ്യം

Webdunia
വെള്ളി, 19 ഡിസം‌ബര്‍ 2014 (16:11 IST)
കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തേ രൂക്ഷമായി വിമര്‍ശിച്ചും സംസ്ഥാനത്ത് അക്കൌണ്ട് തുറക്കാനല്ല, അധികാരം പിടിക്കാനാണ് പ്രവര്‍ത്തികേണ്ടതെന്നും ഉപദേശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇതിനായി കേരളത്തിലെ പ്രവര്‍ത്തകര്‍ ജമ്മു കാശ്മീരിനേയും ഹരിയാനയേയും കണ്ടു പഠിക്കാനാണ് ഉപദേശിച്ചിരിക്കുന്നത്. ഹരിയാന, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ സംഘടനാപരമായി ഒരു ശക്തിയും പാര്‍ട്ടിക്കുണ്ടായിരുന്നില്ല. ഇവിടങ്ങളില്‍ കഠിനാധ്വാനത്തിലൂടെയാണ് ഭരണം പിടിക്കുന്ന അവസരത്തിലേക്കെത്തിയത്.

എന്നാല്‍ കേരളത്തില്‍ വോട്ട് വിഹിതം കുറവാണെങ്കിലും സംഘടന മറ്റുസംസ്ഥാനങ്ങളിലേതിനേക്കാള്‍ ശക്തമാണ്. എന്നാല്‍ സംഘടനാപരമായ ശക്തി കേരളത്തില്‍ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. ബിജെപി നേതൃയോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനെ അമിത് ഷാ കണക്കറ്റ് വിമര്‍ശിച്ചു. ദേശീയതലത്തില്‍തന്നെ ബിജെപി അംഗത്വ ക്യാമ്പയിനില്‍ പിന്നില്‍ നില്‍ക്കുന്നതു കേരളമാണെന്നു ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. സംസ്ഥാനത്ത് 41 ലക്ഷം പേരെ അംഗങ്ങളാക്കണം. കേരളത്തില്‍ 70 ലക്ഷം കുടുംബങ്ങളാണുള്ളത്. ഇവയില്‍ 26 ലക്ഷം കുടുംബങ്ങളില്‍ ബിജെപി അംഗങ്ങളുണ്ടാകണമെന്ന കര്‍ശനമായ നിര്‍ദ്ദേശമാണ് അമിത് ഷാ നല്‍കിയിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിക്കണമെന്നാണ് അമിത് ഷായുടെ നിര്‍ദ്ദേശം. കേരള നിയമസഭയില്‍ ഇപ്പോഴുള്ള പൂജ്യത്തില്‍ നിന്നു ഭരണം പിടിക്കുന്ന അവസ്ഥയിലേക്കു മാറാന്‍ കഴിയണമെന്നും അമിത് ഷാ പറഞ്ഞു. അക്കൗണ്ട് തുറക്കുക എന്ന മാനസികാവസ്ഥ മാറ്റി ഭരണം പിടിക്കണമെന്ന അവസ്ഥയിലെത്തിയാല്‍ തന്നെ കേരളത്തില്‍ അല്‍ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. സംസ്ഥാന നേതൃത്വത്തിന്റെ മാനസികാവസ്ഥ ഈ നിലയിലേക്ക് മാറണമെന്നാണ് അമിത് ഷായുടെ നിര്‍ദ്ദേശം.  ഇതിനായി സംസ്ഥാനത്തെ മുഴുവന്‍ ബൂത്തുകളിലും പാര്‍ട്ടിക്ക് സജീവ പ്രവര്‍ത്തകരും പ്രവര്‍ത്തനവും ഉണ്ടാകണമെന്നാണ് അമിത് ഷാ നല്‍കിയിയിരിക്കുന്ന നിര്‍ദ്ദേശം.

നിലവില്‍ പതിനായിരത്തോളം ബൂത്തുകളിലാണ് സജീവ പ്രവര്‍ത്തനമുള്ളത്. അത് സംസ്ഥാനത്തെ 21,000ത്തിലധികം ബൂത്തുകളിലേക്കും വ്യാപിപ്പിക്കുക, മറ്റു പാര്‍ട്ടികളിലുള്ള സജീവ പ്രവര്‍ത്തകരെയും ബിജെപിയിലേക്ക് ആകര്‍ഷിക്കുന്ന വിധത്തിലുള്ള പ്രചാരണങ്ങളും നടത്തുക, ജനകീയ വിഷയങ്ങള്‍ പൊതുജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ച് സജീവ ചര്‍ച്ചയ്ക്കിടയാക്കുക, അടുത്തകൊല്ലം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പരമാവധി പഞ്ചായത്തുകളില്‍ വിജയം നേടുന്ന തരത്തിലുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇന്ന് നടന്ന നേതൃ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തത്.

സംസ്ഥാനത്ത് അധികാരം പിടിക്കാന്‍ കഴിയുന്ന പാര്‍ട്ടിയായി ബിജെപിയെ മാറ്റുന്നതിനായി ആര്‍എസ്എസ്-വിഎച്ച്പി സംഘടനകളുടെ സഹകരണത്തോടെ സമഗ്രമായ പദ്ധതികള്‍ അമിത് ഷാ രൂപം നല്‍കിയേക്കുമെന്നാണ് സൂചന. പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ക്കും രൂപംനല്‍കും. അതിനായി മറ്റുചില കക്ഷികളെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയിലേക്ക് കൊണ്ടുവരാനും ലക്ഷ്യമിടുന്നുണ്ട്. അടുത്ത കൊല്ലം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അതിനടുത്ത കൊല്ലം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമാക്കാനാണ് അമിത് ഷായുടെ പദ്ധതി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.