ഐക്കോണ്‍സ് കല്‍പ്പിത സര്‍വകലാശാലയാക്കാന്‍ നടപടികളെടുക്കും: മുഖ്യമന്ത്രി

തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (14:59 IST)
ഐക്കോണ്‍സ് (ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യുണിക്കേറ്റീവ് ആന്‍ഡ് കൊഗ്‌നിറ്റി ന്യൂറോ സയന്‍സ്) കല്‍പ്പിത സര്‍വകലാശാലയാക്കാന്‍ (ഡീംഡ് യൂണിവേഴ്‌സിറ്റി ഫോര്‍ ന്യൂറോ സയന്‍സസ് ആന്റ് പാരാ മെഡിക്കല്‍ സയന്‍സസ്)നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ വിളിച്ചു ചേര്‍ത്ത ഐക്കോണ്‍സ് അധികൃതരുമായുള്ള യോഗത്തിലാണ് തീരുമാനം.

ഷൊറണൂരിലെ കവളപ്പാറയിലും തിരുവനന്തപുരത്തുമാണ് കമ്മ്യൂണിക്കേറ്റീവ് ഡിസോര്‍ഡര്‍ ബാധിച്ചവര്‍ക്കായി ഐക്കോണ്‍സ് സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.പഠന വൈകല്യം,ഡവലപ്‌മെന്റല്‍ ലാംഗ്‌വേജ് ഡിസോര്‍ഡര്‍,സെറിബ്രല്‍ പാള്‍സി,മാനസിക വൈകല്യം,ഡിമെന്‍ഷ്യ , ഓട്ടിസമുള്‍പ്പെടെയുള്ള രോഗം ബാധിച്ച കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉന്നമനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തിന് പ്രാമുഖ്യം നല്‍കുന്ന സ്ഥാപനത്തിന് സര്‍ക്കാര്‍ എല്ലാ പ്രോത്സാഹനവും നല്‍കും.

സര്‍ക്കാരിന് കഴിയുന്നതെല്ലാം ചെയ്യണമെന്നു തന്നെയാണ് ആഗ്രഹം. 18 വയസു കഴിഞ്ഞ പരിമിതികളും ന്യൂനതകളുമുള്ള കുട്ടികളുടെ പ്രവേശന കാര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയുമെന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്. ആരോഗ്യ, സാമൂഹ്യ നീതി, ധന വകുപ്പ് ഉന്നതോദ്യോഗസ്ഥരടങ്ങുന്ന യോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉടന്‍ വിളിച്ചു ചേര്‍ക്കും.

ഐക്കോണ്‍സിനെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാക്കി വളര്‍ത്തുന്നതിനും ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തനങ്ങളിലൂടെ സ്ഥാപനത്തെ കല്‍പ്പിത സര്‍വകലാശാലയാക്കുന്നതിനുള്ള നടപടികള്‍ക്ക് ആക്കം കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി വിഎസ് ശിവകുമാര്‍, ആരോഗ്യസെക്രട്ടറി കെ.ഇളങ്കോവന്‍ മുതലായവര്‍ പങ്കെടുത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക