വെളിപ്പെടുത്തലുകളെല്ലാം അരുവിക്കര ലക്‍ഷ്യം വച്ച്: ഉമ്മന്‍ചാണ്ടി

Webdunia
ബുധന്‍, 24 ജൂണ്‍ 2015 (13:27 IST)
തെരഞ്ഞെടുപ്പ്‌ ലക്ഷ്യം വച്ചാണ് പല വെളിപ്പെടുത്തലുകളും ചില ചാനലുകളിലൂടെ പുറത്തുവരുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ അരുവിക്കരയിലെ വോട്ടര്‍മാര്‍ കള്ളപ്രചരണങ്ങളില്‍ വീഴില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത്  വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്‍റേയും പ്രതിപക്ഷത്തിന്‍റേയും വിലയിരുത്തലാവും അരുവിക്കര തിരഞ്ഞെടുപ്പെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ദേശീയ ഗെയിംസ് സംബന്ധിച്ച് സിബിഎയുടെ നിലപാട് ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കുള്ള മറുപടിണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാര്‍ അടച്ചതുമൂലം കോടികള്‍ നഷ്‌ടമുണ്‌ടായ വ്യക്തി ഉന്നയിച്ച ആരോപണമാണു പ്രതിപക്ഷം ഏറ്റുപിടിച്ചത്‌. അതുകൊണ്‌ടു തന്നെയാണ്‌ ഇതിനു സ്വീകാര്യത കിട്ടാത്തതെന്നും പ്രതിപക്ഷം ഉന്നയിച്ച ഓരോ ആരോപണങ്ങളും ഇന്ന്‌ അവര്‍ക്കു തിരിച്ചടിയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ സ്‌ത്രീകളുടെ മനസ്‌ യുഡിഎഫിന്‌ ഒപ്പമായിരിക്കുമെന്നും  മദ്യനയത്തിനു കിട്ടുന്ന അംഗീകാരമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു‌. ബാര്‍ കോഴക്കേസ്‌ അന്വേഷണത്തിനിടെ  സമ്മര്‍ദ്ദമുണ്‌ടായെന്ന്‌ എസ്‌പി സുഗേശന്‍ വെളിപ്പെടുത്തിയെന്ന ചാനല്‍ വാര്‍ത്തയെക്കുറിച്ച്‌ അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അതിനാല്‍ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.