മുല്ലപ്പെരിയാര്‍: പന്നീര്‍ ശെല്‍വത്തിനു ഉമ്മന്‍ ചാണ്ടി കത്തയച്ചു

Webdunia
വെള്ളി, 14 നവം‌ബര്‍ 2014 (18:53 IST)
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറച്ചുകൊണ്ടുവരാന്‍ അടിയന്തര നടപടിസ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്നാട് മുഖ്യമന്ത്രി ഒ.പന്നീര്‍ ശെല്‍വത്തിനു കത്തയച്ചു. രണ്ടാഴ്ചയായി ജലനിരപ്പ് 136 അടിക്കു മുകളിലാണ്‌. അത് ഇപ്പോള്‍ 139.50 അടിയില്‍ എത്തിയിരിക്കുകയാണ്‌ എന്നും പതിമൂന്നു സ്പില്‍‍വേ ഗേറ്റുകളില്‍ ഒന്നു ഇപ്പോള്‍ തകരാറിലാനെന്നും രണ്ടാഴ്ചയായി ഇതു നന്നാക്കാനുള്ള ജോലികള്‍ നടന്നുവരികയാണെന്നും കത്തില്‍ പറയുന്നു.

കാലവര്‍ഷം ശക്തിപ്രാപിക്കുന്നതോടുകൂടി ജലനിരപ്പ് വീണ്ടും ഉയരുമെന്നും ഇതെല്ലാം മൂലം ജനങ്ങളില്‍ ആശങ്ക പടര്‍ന്നിരിക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുന്‍ വര്‍ഷങ്ങളില്‍ ചെയ്തതുപോലെ മുല്ലപ്പെരിയാര്‍, വൈഗ സംഭരണികളെ വിദഗ്ദ്ധമായി ഉപയോഗിച്ചാല്‍ ജലനിരപ്പ് കുറയ്ക്കാനാകും. വൈഗ സംഭരണിയില്‍ മൂന്നു റ്റി.എം.സി യിലധികം വെള്ളംസ്അംഭരിക്കാന്‍ കഴിയുമെന്നും മുല്ലപ്പെരിയാറില്‍ നിന്ന് ടണല്‍ വഴി ഒഴുകുന്ന വെള്ളത്തിന്‍റെ തോത് പരമാവധിയാക്കിയാല്‍ ജലനിരപ്പ് കുറയ്ക്കാനാകുമെന്നും കത്തില്‍പ്അറയുന്നു.

ഇങ്ങനെ ചെയ്തതുകൊണ്ടു തമിഴ്നാടിനു ഒരു തുള്ളിവെള്ളം പോലും നഷ്ടപ്പെടില്ല എന്നും ഇക്കാര്യത്തില്‍ വ്യക്തിപരമായി ഇടപെടണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കണമെന്നും പന്നീര്‍ ശെല്‍വത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച് കേരള ചീഫ് സെക്രട്ടറി മുല്ലപ്പെരിയാര്‍ ഡാം സൂപ്പര്‍ വൈസറി കമ്മിറ്റിക്കും തമിഴ്നാട് പൊതുമരാമത്ത് സെക്രട്ടറിക്കും പന്ത്രണ്ടാം തീയതി കത്തയച്ചിരുന്ന കാര്യവും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും  പിന്തുടരുക.