ശ്രീനാരായണ ഗുരുവിന്റെ നിശ്ചല ദൃശ്യവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും അടക്കമുള്ളവർ കലക്ക വെള്ളത്തിൽ മീൻ പിടിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
നിശ്ചല ദൃശ്യവുമായി ബന്ധപ്പെട്ട വിവാദവുമായി ഇനിയും മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ല. വിഷയത്തില്‍ സിപിഎം പരസ്യമായി ഖേദം പ്രകടിപ്പിക്കാൻ പോലും തയാറായിട്ടില്ല. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പിണറായി വിജയനും എസ്എൻഡിപിയെ ആക്രമിക്കാൻ ഒന്നിച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തില്‍ ഗുരുനിന്ദയ്ക്കെതിരെ ശിവഗിരി മഠം ഉൾപ്പടെയുള്ളളർ ഒന്നിച്ചു നിൽക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഗുരുദേവ പ്രതിമകൾ തകർത്ത സംഭത്തിലെ യഥാർഥ പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ആരാണ് യഥാർഥ പ്രതികൾ എന്നതു സംബന്ധിച്ച് സംശയമുണ്ട്. കുറ്റക്കാർ ബിജെപിക്കാരാണെന്ന് തറപ്പിച്ച് പറയാനാകില്ല. അതിനാലാണ് ആദ്യം പ്രതികരിക്കാതിരുന്നത്. പൊലീസ് നിഷ്ക്രിയരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കണിച്ചുകുളങ്ങരയിൽ വാർത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.