പാമോലിന്‍ കേസിന്റെ വിചാരണ തടഞ്ഞേപറ്റൂ; ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നീക്കം ശക്തം

Webdunia
ചൊവ്വ, 15 മാര്‍ച്ച് 2016 (23:39 IST)
നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാണ്. സോളാര്‍ തട്ടിപ്പിന് പിന്നാലെ ബാര്‍ കോഴയും സര്‍ക്കാരിനെ നാണക്കേടിലേക്ക് വലിച്ചിഴച്ചതോടെ ഭരണ തുടര്‍ച്ചയെന്ന സ്വപ്‌നത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിടാതെ പിന്തുടരുന്ന പാമോലിന്‍ കേസ് വീണ്ടും തലയുയര്‍ത്തുമെന്ന ഭയമാണ് സര്‍ക്കാരിനെ നിലവില്‍ വലയ്‌ക്കുന്ന പ്രധാന പ്രശ്‌നം.

തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വിചാരണ തുടങ്ങുന്ന പാമോലില്‍ കേസ് സര്‍ക്കാരിന് തിരിച്ചടി സമ്മാനിക്കുമെന്നാണ് ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ വിശ്വസിക്കുന്നത്. ഈ സാഹചര്യത്തില്‍ കേസിന്റെ വിചാരണ തടയാന്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ തകൃതിയായി നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്‌തു. വിചാരണ തടയണമെന്നാവശ്യപ്പെട്ട് ഉടന്‍ തന്നെ ഹര്‍ജി നല്‍കാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്. ഈ നീക്കങ്ങള്‍ക്കെല്ലാം ഉമ്മന്‍ചാണ്ടിയുടെ ആശിര്‍വാദവുമുണ്ട്.

വരുന്ന ഇരുപത്തിയൊമ്പതിന് തൃശൂര്‍ വിജിലന്‍‌സ് കോടതിയില്‍ പാമോലിന്‍ കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ സര്‍ക്കാരിന് സാഹചര്യം നിര്‍ണായകമാണ്. കോടതിയില്‍ നിന്ന് തിരിച്ചടിയാകുന്ന തരത്തിലുള്ള ഏന്തെങ്കിലുമൊരു പരാമര്‍ശമുണ്ടായാല്‍ തെരഞ്ഞെടുപ്പില്‍ ബാധിക്കുമെന്ന് നേതൃത്വത്തിന് വ്യക്തമായി അറിയാം. മന്ത്രിസഭയുടെ നയപരമായ തീരുമാനങ്ങള്‍ നടപ്പാക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്‌തതെന്നും അന്നത്തെ ധനമന്ത്രിയായ ഉമ്മന്‍ചാണ്ടിക്ക് ഇടപാടിനെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നുവെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ വീണ്ടുമുണ്ടായാല്‍ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം ആയുധമാക്കുമെന്നും തിരിച്ചടിയാകുമെന്നും സര്‍ക്കാരിന് അറിയാം എന്നതിനാലാണ് വിചാരണ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

ഹര്‍ജി സമര്‍പ്പിക്കണമെന്ന് യുഡിഎഫില്‍ പൊതുവികാരമുണ്ടെങ്കിലും ആര് കോടതിയെ സമീപിക്കുമെന്നതാണ് ഉമ്മന്‍ചാണ്ടിയെ വലയ്‌ക്കുന്ന പ്രശ്‌നം. ഈ കാര്യത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിന് ആശങ്ക നിലനില്‍ക്കുകയാണ്. സര്‍ക്കാരിന് നേരിട്ട് നീക്കം നടത്താന്‍ മടിയുമാണ്. കേസ് എഴുതിത്തള്ളിയ യുഡിഎഫ് സര്‍ക്കാരിന്റെ നടപടി നേരത്തെ ഹൈക്കോടതി തള്ളിയതുമാണ്. പോരാത്തതിന് വിഷയമിപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. ഈ സാഹചര്യത്തിലാണ് ഹര്‍ജി ആരെക്കൊണ്ട് കൊടുപ്പിക്കുമെന്ന സംശയം സര്‍ക്കാരിനുള്ളത്. ജിജി തോംസണെ കൊണ്ടോ ഏതെങ്കിലും പൊതുപ്രവര്‍ത്തകനെക്കൊണ്ടോ ഹര്‍ജി നല്‍കാനാണ് നിലവിലെ നീക്കം നടക്കുന്നത്.