മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ബിജെപിയുടെ നിര്‍ദ്ദേശം കൊണ്ടാണോയെന്ന് ആഭ്യന്തരമന്ത്രി

Webdunia
ശനി, 12 ഡിസം‌ബര്‍ 2015 (14:35 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന ആര്‍ ശങ്കര്‍ പ്രതിമാ അനാഛാദനത്തില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയത് ബിജെപി നേതൃത്വത്തിന്റെ നിര്‍ദ്ദേശം കൊണ്ടാണോ എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചോദിച്ചു. ഇക്കാര്യത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം, ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയ സംഭവത്തെക്കുറിച്ച് അദ്ദേഹം തന്നെ പ്രതികരിക്കട്ടെയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ എകെ ആന്റണി പറഞ്ഞു. ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ അഭിപ്രായം തേടിയപ്പോഴാണ് ആന്റണി ഇക്കാര്യം പറഞ്ഞത്.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ഥന മാനിച്ചാണ് മുഖ്യമന്ത്രി ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇതില്‍ അതിയായ ദു:ഖമുണ്ടെന്നും മുഖ്യമന്ത്രിയുടെ  ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ചടങ്ങില്‍ പങ്കെടുക്കരുതെന്ന് വെള്ളാപ്പള്ളി നടേശന്‍ തന്നെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. ചില കേന്ദ്രങ്ങള്‍ക്ക് മുഖ്യമന്ത്രി പങ്കെടുക്കുന്നതില്‍ എതിര്‍പ്പുണ്ടെന്ന് വെള്ളാപ്പള്ളി അറിയിച്ചിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ബിജെപിയുടെ ആവശ്യപ്രകാരമാണ് വെള്ളാപ്പള്ളി ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് സൂചന. ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.