സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ- ജനറല്‍ ആശുപത്രികളിലും കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയായ 'സുകൃതം' പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരൂര്‍ ജില്ലാ ആശുപത്രിക്ക് ജനകീയ പങ്കാളിത്തത്തോടെയും ജില്ലാ പഞ്ചായത്തിന്റെ മൂന്ന് കോടി ചെലവഴിച്ചും നിര്‍മിച്ച ആറു നില കെട്ടിടം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിലവില്‍ അഞ്ച് മെഡിക്കല്‍ കോളെജുകളിലും 2 കാന്‍സര്‍ ആശുപത്രികളിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മാത്രമാണ് 'സുകൃതം' പദ്ധതിയുള്ളത്. തിരൂര്‍ ഉള്‍പ്പെടെ സൗകര്യമുള്ള മുഴുവന്‍ ജില്ലാ- ജനറല്‍ ആശുപത്രികളിലും കാന്‍സര്‍ രോഗികള്‍ക്ക് സമ്പൂര്‍ണ സൗജന്യ ചികിത്സ നല്കുന്ന പദ്ധതി പരിഗണിക്കും. സൗകര്യങ്ങളില്ലാത്ത ജില്ലാ- ജനറല്‍ ആശുപത്രികളില്‍ ഏറ്റവും വേഗത്തില്‍ അതിനുള്ള സൗകര്യങ്ങളൊരുക്കുകയും ചെയ്യും. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരു കാന്‍സര്‍ വിദഗ്ധന്റെ കൂടി സേവനം ലഭ്യമാക്കാന്‍ ശ്രമിക്കും. ഇല്ലെങ്കില്‍ മറ്റൊരു ഡോക്ടര്‍ക്ക് ഒങ്കോളജിയില് പരിശീലനം നല്‍കും. മുഖ്യമന്ത്രി പറഞ്ഞു.
ഉദ്ഘാടന പരിപാടി തുടങ്ങുന്നതിന് മുമ്പ് ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡ് മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. ലോകത്ത് ലഭ്യമായ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളെല്ലാം ഇന്ന് കേരളത്തിലുണ്ട്. എന്നാല്‍ അത് എല്ലാവര്ക്കും ലഭിക്കുന്നില്ല എന്നതാണ് നാം നേരിടുന്ന പ്രശ്നം. എല്ലാവര്ക്കും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുകയെന്നത് സര്‍ക്കാര്‍ വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ അഞ്ചു കോടി ചെലവില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്. ശിവകുമാറും പുതിയ സി.ടി സ്കാനിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബും നിര്‍വഹിച്ചു.