എറണാകുളം കടമക്കുടിയിലെ കൂട്ട ആത്മഹത്യ ഓണ്‍ലൈന്‍ വായ്പയെ തുടര്‍ന്നാണെന്ന് സൂചന. യുവതി ഓണ്‍ലൈന്‍ വായ്പകെണിയില്‍ പെടുകയും ഇതിനെ തുടര്‍ന്ന് തട്ടിപ്പുകാര്‍ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സംശയിക്കപ്പെടുന്നത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാവിലെയാണ് യുവതിയേയും ഭര്‍ത്താവിനെയും കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നായിരുന്നു പ്രാഥമിക നിഗമനം. വിദേശത്ത് പോകുന്നതുമായി ബന്ധപ്പെട്ട് യുവതിക്ക് കടബാധ്യതകളുണ്ടായിരുന്നു. ഇതിന് പുറമെ ഓണ്‍ലൈന്‍ വായ്പ ആപ്പില്‍ കുടുങ്ങുകയും തിരിച്ചടവ് മുടങ്ങുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് വായ്പ തട്ടിപ്പുകാര്‍ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ദമ്പതികളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തിരുന്നു. കുടുംബത്തിന്റെ മരണത്തിന് പിന്നാലെ ചില ബന്ധുക്കളാണ് ഈ വിവരം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.