ഓണക്കാല തട്ടിപ്പ്: സംസ്ഥാനമൊട്ടാകെ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ പിഴ ഈടാക്കിയത് 41.99 ലക്ഷം രൂപ

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (11:13 IST)
ഓണക്കാലത്ത് ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനയില്‍ 41.99 ലക്ഷം രൂപ പിഴയീടാക്കി. ആഗസ്റ്റ് 17 മുതല്‍ ഉത്രാടം നാള്‍ വരെയായിരുന്നു പരിശോധന. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജോയിന്റ് കണ്‍ട്രോളര്‍മാരുടെ മേല്‍നോട്ടത്തില്‍ 14 ജില്ലകളിലേയും ജനറല്‍ ആന്‍ഡ് ഫ്‌ലൈയിംഗ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധന നടത്തിയത്.
 
മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് 746 കേസുകളും, അളവിലും, തൂക്കത്തിലും കുറവ് വില്‍പ്പന നടത്തിയതിന് 37 കേസുകളും, വില തിരുത്തിയതിനും, അമിതവില ഈടാക്കിയതിനും 29 കേസുകളും, പാക്കേജ്ഡ് കമോഡിറ്റീസ് റൂള്‍സ് പ്രകാരമുള്ള പ്രഖ്യാപനങ്ങള്‍ ഇല്ലാത്ത പായ്ക്കറ്റ് വില്‍പ്പന നടത്തിയതിന് 220 കേസുകളും, പായ്ക്കര്‍ രജിസ്‌ട്രേഷനില്ലാതെ പായ്ക്ക് ചെയ്ത് വില്‍പ്പന നടത്തിയതിന് 125 കേസുകളും, മറ്റ് വിവിധ വകുപ്പുകള്‍ പ്രകാരം 94 കേസുകളും എടുത്തു. സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളില്‍ 9 കേസുകള്‍ എടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍