64 വര്‍ഷം ഒന്നിച്ചു ജീവിച്ചു; മരണത്തിലും വേര്‍പിരിയാതെ ദമ്പതികള്‍

ബുധന്‍, 10 ഓഗസ്റ്റ് 2016 (09:39 IST)
അറുപത്തിനാലു വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ മരണത്തിലും വേര്‍പിരിയാതെ റോസി- വറീത് ദമ്പതികള്‍ യാത്രയായി. കുന്നുകര പാനികുളങ്ങര വറീത് തോമസും(93) ഭാര്യ റോസി(91) തോമസുമാണ് ഒരു ദിവസത്തെ വ്യത്യാസത്തില്‍ മരിച്ചത്. 
 
തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്കായിരുന്നു ഭാര്യ റോസിയുടെ മരണം. പിറ്റേന്ന് വൈകിട്ട് മൂന്നു മണിക്ക് മൃതദേഹം സംസ്‌കാരിക്കാനായി പള്ളിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തോമസും മരിച്ചു. 1952 ഫെബ്രുവരി 17നായിരുന്നു തോമസിന്റെ ജീവിതസഖിയായി റോസി എത്തിയത്. വിവാഹിതരായി ശേഷം ഇരുവരും പിരിഞ്ഞ് ജീവിച്ചിട്ടില്ലെന്ന് മക്കള്‍ പറയുന്നു. റോസിയുടെ മരണ സമയത്ത് തൊട്ടടുത്ത് കട്ടിലില്‍ തോമസ് ഉണ്ടായിരുന്നു. ഭാര്യയ്ക്ക് അന്ത്യ ചുംബനം നല്‍കുമ്പോള്‍ ' ഞാനും വരികയാണെന്നു' തോമസ് പറഞ്ഞു. 
 
തിങ്കളാഴ്ച ശ്വാസതടസ്സം അനുഭവപ്പെട്ടതിനാല്‍ തോമസിനെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. ഉറക്കമുണര്‍ന്ന റോസി ഭര്‍ത്താവിനെ അന്വേഷിച്ചപ്പോള്‍ ആശുപത്രിയിലാണെന്ന് അറിഞ്ഞതോടെ ആകെ അവശയായി. വൈകാതെ മരണമടയുകയും ചെയ്തു. തോമസിന്റെ ആരോഗ്യം മോശമായതിനാല്‍ റോസിയുടെ മൃതദേഹവുമായി പള്ളിയിലേക്ക് പോയില്ല. മൃതദേഹം പള്ളിയിലെത്തും മുമ്പെ തോമസും മരിച്ചു. റോസിയുടെ അതേ കല്ലറയില്‍ തന്നെ ഇന്ന് തോമസിനെയും അടക്കുന്നതോടെ അന്ത്യയാത്രയിലും ഇവര്‍ ഒന്നാകും.  
 

വെബ്ദുനിയ വായിക്കുക