കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ ആണ് കേസിൽ വിധി പറഞ്ഞത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്.
പീഡനവാർത്ത ചർച്ചയായതോടെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയടക്കം കന്യാസ്ത്രീയെ സന്ദർശിക്കാനെത്തിയിരുന്നു.ബിഷപ്പ് വിദേശത്തേക്ക് കടക്കാതിരിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന് കത്ത് നല്‍കി. 2018 ഓഗസ്റ്റ് പത്താം തീയതിയാണ് അന്വേഷണസംഘം ജലന്ധറില്‍ എത്തുന്നത്. തുടര്‍ന്ന് 13-ാം തീയതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്തു.ഇതിന് പിന്നാലെ തനിക്ക് നേരെ വധശ്രമനുണ്ടായതായി ആരോപിച്ച് കന്യാസ്ത്രീ വീണ്ടും പോലീസിനെ സമീപിച്ചു.
5968-ാം നമ്പര്‍ തടവുകാരനായാണ് ഫ്രാങ്കോയെ പാലാ ജയിലിലടച്ചിരുന്നത്. രണ്ടാഴ്ചയിലേറെ നീണ്ട ജയില്‍വാസത്തിന് ശേഷം 2018 ഒക്ടോബര്‍ 15-ന് ഹൈക്കോടതി ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിച്ചു.ഇതിനിടെ, ബിഷപ്പിനെതിരേ മൊഴി നല്‍കിയ വൈദികനെ പഞ്ചാബിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. മരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.