സംസ്ഥാനത്ത് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കും? കൊവിഡ് അവലോകന യോഗം ഇന്ന്: സ്കൂൾ അടയ്ക്കുന്നതിലും തീരുമാനം
വെള്ളി, 14 ജനുവരി 2022 (08:57 IST)
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി കൊവിഡ് അവലോകന യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വൈകീട്ട് മൂന്ന് മണിക്കാണ് യോഗം ചേരുക.
കൊവിഡ് വ്യാപനം ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. പൊതു സമ്പർക്കം കുറയ്ക്കുക ലക്ഷ്യമിട്ട് നിയന്ത്രണങ്ങളും കൂടുതൽ കടുപ്പിക്കും.സ്കൂളുകൾ അടയ്ക്കണമോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ചിടുക, ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തുക. രാത്രികാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരിക എന്നിവയടക്കമുള്ള കർശന നടപടികളാണ് ആരോഗ്യ വിദഗ്‌ധർ നിർദേശിക്കുന്നത്.