മഴ വന്നില്ലെങ്കില്‍ ‘ഇരുട്ടിലാകും’; ജൂലൈ 15 വരെ വൈദ്യുതി നിയന്ത്രണമില്ലെന്ന് കെഎസ്ഇബി

Webdunia
വ്യാഴം, 4 ജൂലൈ 2019 (19:39 IST)
സംസ്ഥാനത്ത് ഈ മാസം 15 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് കെഎസ്ഇബി  ഈ മാസം പതിനഞ്ചിന് വീണ്ടും യോഗംചേര്‍ന്ന് സ്ഥിതി പുനരവലോകനം ചെയ്യും. യൂണിറ്റിന് ശരാശരി 60 പൈസ മുതല്‍ 70 പൈസ വരെ കൂട്ടണമെന്ന് റഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയര്‍മാന്‍ എന്‍എസ് പിള്ള പറഞ്ഞു.

സംസ്ഥാനത്തേക്ക് 64 മില്യൺ യൂണിറ്റ് വൈദ്യുതി വരുന്നത് സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്നും സ്വകാര്യ നിലയങ്ങളിൽ നിന്നുമാണ്. ഇവയിൽ രണ്ടെണ്ണം ഒഴികെ ബാക്കിയുള്ളവ കൽക്കരിയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന നിലയങ്ങളാണ്. അവിടെനിന്ന് വൈദ്യുതി ലഭിക്കുന്നതിന് എന്തെങ്കിലും തടസം നേരിട്ടാൽ മാത്രമേ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തേണ്ടതായി വരൂ.

ഇത്തരമൊരു സാഹചര്യം എല്ലാകാലത്തും ഉണ്ടാകാറുള്ളതാണ്. അപ്പോഴൊക്കെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇപ്പോൾ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാൻ സാദ്ധ്യമല്ലെന്നും പിള്ള പറഞ്ഞു.

പുറമെ നിന്ന് വാങ്ങുന്ന വൈദ്യുതിയില്‍ ഇന്നലെ അപ്രതീക്ഷിതമായി 300 മെഗാവാട്ടിന്റെ കുറവ് വന്നതുകൊണ്ട് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നു. എന്നാല്‍ ഇത് ലോഡ്ഷെഡിങ് അല്ലെന്ന് ചെയര്‍മാന്‍ വിശദീകരിച്ചു.

അണക്കെട്ടുകളില്‍ ഇപ്പോള്‍ 432 ദശലക്ഷം യൂണിറ്റ് വൈദ്യുതോല്‍പാദനത്തിനുളള ജലമുണ്ട്. അടുത്തയാഴ്ച കാലവര്‍ഷം ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാന പ്രവചനം. ഈ വര്‍ഷം കിട്ടിയത് 168 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം മാത്രം. ഇതിന് മുമ്പ് ഇത് 305 ദശലക്ഷം യൂണിറ്റായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article