നിയമസഭ പ്രക്ഷുബ്ധമാകുന്നു; സമ്മേളനം ആരംഭിച്ചു

Webdunia
തിങ്കള്‍, 8 ജൂണ്‍ 2015 (07:49 IST)
പതിമൂന്നാം കേരള നിയമസഭയുടെ പതിന്നാലാം സമ്മേളനം ആരംഭിച്ചു. ബാര്‍ കോഴ അന്വേഷണറിപ്പോര്‍ട്ട് അടക്കമുള്ള അഴിമതി ആരോപണങ്ങളും അവയെക്കുറിച്ചുള്ള അന്വേഷണങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെ തുടര്‍ന്നാണ് സഭാ   പ്രക്ഷുബ്ധമാകുന്നത്. ബജറ്റിന്റെ വകുപ്പ് തിരിച്ചുള്ള ചര്‍ച്ചയും വോട്ടെടുപ്പുമാണ് പതിന്നാലാം സമ്മേളനത്തിന്റെ മുഖ്യ അജണ്ട. 
 
നിയമസഭയുടെ കാര്യോപദേശക സമിതി ഇന്നു യോഗം ചേരുന്നുണ്ട്. നിയമസഭാ സമ്മേളന കാലാവധി പുനഃക്രമീകരിക്കണമെന്ന ആവശ്യം കാര്യോപദേശക സമിതി ചര്‍ച്ച ചെയ്യും. അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലവിലുള്ളതിനാല്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ശരിയായ രീതിയല്ല. നിയമസഭയിലെ പ്രഖ്യാപനങ്ങള്‍ക്ക് ചട്ടം 194 അനുസരിച്ച് പെരുമാറ്റ ചട്ടം ബാധകമല്ലെങ്കിലും ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും വരുമ്പോള്‍ പ്രഖ്യാപന രൂപേണയുള്ള മറുപടികള്‍ക്ക് പരിമിതിയുണ്ടാകും.
 
തെരഞ്ഞെടുപ്പിന്റെ ഭാഗമായി സമയക്രമം പുനഃക്രമീകരിക്കണമെന്നു ഭരണപക്ഷം ആവശ്യപ്പെട്ടാല്‍ അംഗീകരിക്കാമെന്നാണു പ്രതിപക്ഷ നിലപാട്. എന്നാല്‍, സഭാ സമ്മേളന കാലയളവില്‍ മാറ്റം വരുത്തുന്നതിനോടു പ്രതിപക്ഷത്തിന് യോജിപ്പില്ല. സഭാ നടപടികള്‍ക്കിടെ ചേരുന്ന കാര്യോപദേശക സമിതി ഇക്കാര്യം ശുപാര്‍ശ ചെയ്യും. ഇന്ന് മുതല്‍ അടുത്ത മാസം രണ്ടു വരെയും പിന്നീട് 20 മുതല്‍ 30 വരെയും 28 ദിവസം സഭ സമ്മേളിക്കാനാണ് നിലവിലെ തീരുമാനം.