കോളേജുകള്‍ക്ക് സ്വയംഭരണം; പ്രതിപക്ഷം നിയമ സഭ ബഹിഷ്കരിച്ചു

Webdunia
ചൊവ്വ, 2 ഡിസം‌ബര്‍ 2014 (08:46 IST)
സ്വയംഭരണ കോളജുകള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന ബില്‍ പ്രതിപക്ഷ ബഹളത്തിനിടെ നിയമ സഭ പാസാക്കി. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യസം നിഷേധിക്കപ്പെടുമെന്നും സര്‍വ്വകലാശാലകളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന നിയമമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബില്ലിനെതിരെ പ്രതിഷേധിച്ചത്.

ചര്‍ച്ചക്കിടെ ബില്‍ കീറി എറിഞ്ഞ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിറങ്ങി . ബില്ലിലെ മൂന്നാം ഭേദഗതിയോടെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുകള്‍ക്ക് സര്‍വകലാശാല പോലെ പ്രവര്‍ത്തിക്കാനാകുമെന്നും സര്‍വകലാശാലകളുടെ അധികാരം കൗണ്‍സില്‍ കവര്‍ന്നെടുക്കുമെന്നും പ്രതിപക്ഷം ആരോപിച്ചു.

ഉന്നത വിദ്യാഭ്യാസരംഗത്തെ കുത്തഴിഞ്ഞതാക്കുന്ന ബില്ലുമായി സഹകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. ബില്‍ പാസാകുന്നതോടെ സര്‍ക്കാര്‍ , എയ്ഡഡ് കോളജുകള്‍ക്ക് സ്വാശ്രയ കോഴ്‌സുകള്‍ തുടങ്ങാനാകും. ഇതോടെ പാവപ്പെട്ട വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം മുടങ്ങുമെന്നും പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍ പിന്നീട് നടന്ന ചോദ്യോത്തര വേളയോട് പ്രതിപക്ഷം സഹകരിച്ചു. സമാധാനപരമായാണ് ഇപ്പോള്‍ ചോദ്യോത്തര വേള പുരോഗമിക്കുന്നത്. എന്നാല്‍ ബാര്‍കോഴ വിവാദം പ്രതിപക്ഷം പലരീതിയില്‍ ചര്‍ച്ചക്കിടെ ഉന്നയിക്കുന്നുണ്ട്. പ്രതിപക്ഷത്തിന്റെ നിലപാടുകളെ മാണി സ്വതസിദ്ധമായ രീതിയില്‍ പ്രതിരൊധിക്കുന്നുമുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.