ബജറ്റ് ദിവസം നിയമസഭയിൽ ഉണ്ടായ അക്രമങ്ങളെക്കുറിച്ച് നടന്നുവന്ന അന്വേഷണം നിലച്ചതായി റിപ്പോര്‍ട്ടുകള്‍. കേസന്വേഷിക്കുന്നത് ക്രൈം ബ്രാഞ്ചാണ്. മാർച്ച് 13ന് ബജറ്റ് ദിവസം നിയമസഭയിലുണ്ടായ അക്രമ സംഭവത്തിൽ ഇതുവരെ പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യാനോ,വനിതാ എംഎൽഎമാരിൽ നിന്നും മൊഴിയെടുക്കാനോ ക്രൈംബ്രാഞ്ച് സംഘം തയ്യാറായിട്ടില്ല. എംഎൽഎമാർ ദേശീയ വനിതാ കമ്മീഷന് പരാതി നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ല.
അതിനിടെ കേസില്‍ തുടരന്വേഷണം നടത്തേണ്ടതില്ല എന്ന് ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം ലഭിച്ചതായാണ് വിവരം. നിയമസഭയിൽ ആക്രമിക്കപ്പെട്ടതായി ആറ് വനിതാ എംഎൽഎമാർ ഡിജിപിക്ക് പരാതി നൽകിയതിനെത്തുടർന്നാണ് അന്വേഷണം പൊലീസിനും പിന്നീട് ക്രൈംബ്രാഞ്ചിനും കൈമാറിയത്. ധനമന്ത്രി കെ.എം. മാണിയെ തടയുന്നതിനിടയിൽ ഭരണപക്ഷത്തെ ചില എംഎൽഎമാർ അപമാനിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു എന്നാണ് പ്രതിപക്ഷ വനിതാ എംഎൽഎമാരായ കെ.കെ. ലതിക, കെ.എസ്. സലീഖ, ഇ.എസ്. ബിജിമോൾ, ആയിഷപോറ്റി, ഗീതാഗോപി, ജമീല പ്രകാശം എന്നിവർ ഡിജിപിക്ക് നൽകിയ പരാതി.
നിയമസഭയിലെ അക്രമം,സ്പീക്കറുടെ ഡയസ് തകർത്തത്, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയവ അന്വേഷിക്കാനായിരുന്നു നിർദേശം. എന്നാൽ സംഭവം നടന്ന് 60 ദിവസം പിന്നിടുമ്പോളും കേസിൽ ഒരു പുരോഗതിയും ഇല്ല. കേരളത്തിന് രാജ്യത്തില്‍ മുഴുവന്‍ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു നിയമസഭയി മാര്‍ച്ച് 13നു നടന്നത്. സംഭവത്തില്‍ സുപ്രീം കോടതി പോലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.