പിന്നില്‍ നിന്നുള്ള കുത്ത് ഭയന്ന് മുരളീധരന്‍; കുമ്മനം തോറ്റാല്‍ ബിജെപിയുടെ നടുവൊടിയും, വട്ടിയൂര്‍ക്കാവില്‍ വട്ടം കറങ്ങി മുന്നണികള്‍

ജിയാന്‍ ഗോണ്‍‌സാലോസ്
വെള്ളി, 29 ഏപ്രില്‍ 2016 (16:40 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് വട്ടിയൂര്‍ക്കാവ്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ മുരളീധരന്‍ എത്തുമ്പോള്‍ ടിഎന്‍ സീമയാണ് ഇടതിന്റെ മാനം കാക്കാന്‍ ഇറങ്ങുന്നത്. എങ്ങനെയും അക്കൌണ്ട് തുറക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഗോദയിലേക്ക് നേരിട്ടിറങ്ങിയ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ബിജെപിയുടെ ആയുധം.

വട്ടിയൂര്‍ക്കാവില്‍ തീ പാറും പോരാട്ടമാണ് നടക്കാന്‍ പോകുന്നത് എന്നതില്‍ ആര്‍ക്കും സശയമില്ല. വട്ടിയൂര്‍ക്കാവ്‌ മണ്ഡലത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കിയ മുരളീധരന് തന്നെയാണ് ജയസാധ്യതയെങ്കിലും സ്വന്തം പാളയത്തില്‍ നിന്ന് തിരിച്ചടി ഉണ്ടാകുമോ എന്ന ഭയം അദ്ദേഹത്തിനുണ്ട്. എംഎല്‍എ എന്ന നിലയില്‍ മുരളി വട്ടിയൂര്‍ക്കാവില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ അനവധിയാണ്. ജനങ്ങളുടെ സുഖത്തിലും ദുഃഖത്തിലും ഒരു പോലെ പങ്കുചേര്‍ന്ന നേതാവാണു മുരളിയെങ്കിലൂം പാര്‍ട്ടിയില്‍ അദ്ദേഹത്തിനെതിരെ ഉയരുന്ന എതിര്‍പ്പുകളും പിന്നില്‍ നിന്നുള്ള കുത്തിനെയും ഭയക്കുന്നുണ്ട്.

മുരളീധരന്‍ തോറ്റു കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ പാര്‍ട്ടിയില്‍ തന്നെയുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിട്ടും പ്രചാരണത്തിന് വേണ്ട ജീവന്‍ ലഭിക്കാത്തതിന് കാരണം ഇതു തന്നെയാണെന്നും അദ്ദേഹം തന്നെ വിശ്വസിക്കുന്നുണ്ട്. ചില പ്രാദേശിക നേതാക്കള്‍ തനിക്കെതിരെ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നതായും പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായും കാട്ടി കെപിസിസിപ്രസിഡന്റ് വിഎം സുധീരന് മുരളീധരന്‍ കത്ത് നല്‍കിയിട്ടുണ്ട്. ജനപ്രീയനായ അദ്ദേഹം ജയിച്ചാല്‍ തങ്ങളുടെ മുമ്പോട്ടുള്ള പോക്ക് അപകടത്തിലാകുമെന്ന് വിചാരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളും മുരളിക്കൊപ്പം തന്നെയുള്ളത് അദ്ദേഹത്തിന് തിരിച്ചടിയാണ്.

നായര്‍ സമുദായത്തിനു നിര്‍ണായക സ്വാധീനമാണു മണ്ഡലത്തില്‍ സിപിഎം സംസ്‌ഥാന കമ്മിറ്റിയംഗവും മികച്ച ജനപ്രതിനിധിയെന്നു രാജ്യസഭയില്‍ പെരുമ സൃഷ്‌ടിച്ച നേതാവുമായ ടിഎന്‍ സീമ പ്രചാരണത്തില്‍ മുന്നോട്ടു പോയി കഴിഞ്ഞു. സ്‌ത്രീകളുടെ വോട്ടിനൊപ്പം പാര്‍ട്ടി വോട്ടുകള്‍ സ്വന്തം പെട്ടിയില്‍ വീഴുമെന്ന പ്രതീക്ഷയും സീമയ്‌ക്കുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും വലിയ ഘടകമാണ്‌. അവരെ കൈയിലെടുക്കാനുള്ള ശ്രമത്തിലാണു ടിഎന്‍ സീമ. മുരളീധരനോട് കോണ്‍ഗ്രസില്‍ തന്നെയുള്ള എതിര്‍പ്പും അദ്ദേഹത്തിനെതിരെ പ്രാദേശിക നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതും തനിക്ക് വോട്ടായി തീരുമെന്നാണ് സീമ ഉറച്ചു വിശ്വസിക്കുന്നത്. ലോക്‌സഭ- തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ഇടപെടലും സ്വാധീനവും നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും സിപിഎം സ്ഥാനാര്‍ഥി പറയുന്നു.

ജയം ഉറപ്പാണെന്നുള്ള പ്രചാരണമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മണ്ഡലത്തില്‍ നടത്തുന്നത്. ഇടതു- വലതു മുന്നണികള്‍ സ്ഥാനാര്‍ഥിയെ കണ്ടെത്തി പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കുമ്മനത്തിന്റെ ഫ്ലെക്‍സ് ബോര്‍ഡുകള്‍ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ലോക്‌സഭ- തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ നേട്ടങ്ങള്‍ ഇത്തവണയും തുടരുമെന്നും വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നുമാണ് കുമ്മനം ഉറപ്പിച്ചു പറയുന്നത്. എന്നാല്‍ ബിജെപിക്ക്‌ കടന്നുകയറാന്‍ കഴയാത്ത ചില പോക്കറ്റുകള്‍ വട്ടിയൂര്‍ക്കാവിലുണ്ടെന്നതാണ് അവരെ വലയ്‌ക്കുന്ന പ്രശ്‌നം.

സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതലുള്ളതിനാല്‍ അവരുടെ വോട്ടുകള്‍ സിപിഎമ്മിന് പോകുമെന്നും ബിജെപി കരുതുന്നുണ്ട്. ഉറച്ച കോണ്‍ഗ്രസ് പ്രദേശങ്ങളും മണ്ഡലത്തില്‍ ഉള്ളതിനാല്‍ ലോക്‌സഭ- തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ കൊണ്ടു മാത്രം ജയിക്കില്ലെന്ന് കുമ്മനം വിചാരിക്കുന്നുണ്ട്. സംസ്ഥാന അധ്യക്ഷന്‍ തോറ്റാല്‍ അണികളുടെ ആത്മവിശ്വസം തകരുമെന്നും പാര്‍ട്ടി പഴയ അവസ്ഥയിലേക്ക് പോകാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. തെരഞ്ഞെടുപ്പ് പോരില്‍ കുമ്മനം ഇറങ്ങിയത് മണ്ടത്തരമായെന്ന് ചിന്തിക്കുന്ന പ്രവര്‍ത്തകരും പാര്‍ട്ടിയിലുണ്ട്. ഈ സാഹചര്യത്തില്‍ വട്ടിയൂര്‍ക്കാവില്‍ കനത്ത പോരാട്ടം നടക്കുമെന്ന് വ്യക്തമായി.
 
Next Article