നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തിയ നിമിഷം പാർട്ടിയെ വിവാദത്തിലാക്കാൻ ആരും ശ്രമിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാധ്യമങ്ങളുടെ പ്രത്യേക അജണ്ടയുടെ ഭാഗമായിട്ടാണ് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെതിരെ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നടത്തിയെന്ന് പറയപ്പെടുന്ന പരാമര്‍ശനത്തിന് പിന്നില്‍. ഇക്കാര്യത്തിൽ പിണറായി വിജയൻ തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
വിഎസ് അച്യുതാനന്ദൻ പാർട്ടി വിരുദ്ധനാണെന്ന സിപിഎം സെക്രട്ടറിയേറ്റ് പ്രമേയം നില നിൽക്കുന്നുണ്ടെന്ന് പിണറായി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ പിണറായി രംഗത്തെത്തുകയും ചെയ്‌തു. പാര്‍ട്ടിയില്‍ ഒരു ഭിന്നതയും ഇല്ലെന്നും ചില മാധ്യമങ്ങള്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ചകാര്യങ്ങള്‍ തന്‍റെ പ്രതികരണങ്ങളില്‍ തിരുകിക്കയറ്റാന്‍ നോക്കുകയാണ്. അതുകൊണ്ടൊന്നും സിപിഎമ്മിനെയോ എല്‍ഡിഎഫിനെയോ ഭയപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ആറ്റിങ്ങലിലെ പൊതുയോഗത്തിൽ മാധ്യമങ്ങൾക്കെതിരെ പിണറായി തിരിഞ്ഞിരുന്നു. വിഎസിനെ പാർട്ടി വിരുദ്ധനെന്ന് ആക്ഷേപിച്ചു എന്ന വാർത്തയാണു സൃഷ്ടിച്ചിരിക്കുന്നത്. പാർട്ടിയിലെ ഐക്യത്തിനു വിഘാതം ഉണ്ടാക്കാമെന്ന് ആരും മനപ്പായസം ഉണ്ണേണ്ടെന്നും പിണറായി പറഞ്ഞു.