പൂരങ്ങളുടെ നാട്ടില്‍ അട്ടിമറിക്ക് സാധ്യത; ഇടതിന്റെ കൈപിടിച്ച് ജയരാജ് വാര്യര്‍ അങ്കത്തിന്, അന്തംവിട്ട് കോണ്‍ഗ്രസ് നേതൃത്വം

Webdunia
ശനി, 5 മാര്‍ച്ച് 2016 (03:53 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരുപിടി സിനിമാതാരങ്ങള്‍ മത്സര രംഗത്ത് ഉണ്ടാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെങ്കിലും ജനങ്ങളുമായി ബന്ധമുള്ള താരങ്ങളെ കളത്തിലിറക്കുന്നതില്‍ കൂടുതല്‍ മിടുക്ക് ഇടതുമുന്നണിക്കാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറാന്‍ സാധിക്കാതിരുന്ന സിപിഎം ജയരാജ് വാര്യരെ കളത്തിലിറക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മത്സരരംഗത്ത് ഇറങ്ങാന്‍ മടിയില്ലെന്നും ഇടതുമുന്നണിയുമായി ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കാനാണ് താല്‍പ്പര്യമെന്നുമാണ് ജയരാജ് വാര്യര്‍ വ്യക്തമാക്കിയിരിക്കുന്നത്. താരവുമായി ഇടത് നേതൃത്വം ചര്‍ച്ച നടത്തിയെന്നും കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നുമാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസിന്റെ തേറമ്പിലിനെ തറപറ്റിക്കാന്‍ സിപിഎമ്മും സിപിഐയും മാറിമാറി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍, കോര്‍പ്പറെഷന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറാന്‍ സാധിച്ചതാണ് പൊതുസമ്മതനെന്ന നിലയില്‍ ജയരാജ് വാര്യരെ മത്സരിപ്പിക്കാന്‍ ഇടത് നേതൃത്വം തീരുമാനിച്ചതെന്നാണ് അറിയുന്നത്. അതേസമയം, പാര്‍ട്ടി തിരിച്ചടികള്‍ നേരിടുന്ന സാഹചര്യത്തില്‍ ജനസമ്മതനായ താരത്തിനെതിരെ ശക്തമായ പ്രചാരണം വേണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

ജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളില്‍ സിനിമയില്‍ നിന്നുള്ള പ്രമുഖരെവെച്ച് പരിക്ഷണം നടത്താന്‍ ഇടതു- വലതു മുന്നണികള്‍ തീരുമാനിച്ചിരിക്കുകയാണ്. പത്തനാപുരത്ത് കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ഗണേഷ് കുമാറിനെതിരെ നടന്‍ ജഗദീഷിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം പ്രാഥമികമായി തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ബിജെപി മണ്ഡലത്തിലേക്ക് സ്ഥാനാര്‍ഥിയായി കണ്ടിരിക്കുന്നത് കൊല്ലം തുളസിയെയാണ്.