പ്രൊഫ ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസ്: ആറ് പ്രതികള്‍ കൂടി കുറ്റക്കാര്‍

Webdunia
ബുധന്‍, 12 ജൂലൈ 2023 (12:01 IST)
തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസില്‍ ആറു പ്രതികള്‍ കൂടി കുറ്റക്കാരെന്ന് എന്‍ഐഎ പ്രത്യേക കോടതി. പ്രതികള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കേസുകള്‍ തെളിഞ്ഞതായി ജഡ്ജി അനില്‍ കെ.ഭാസ്‌കര്‍ കണ്ടെത്തി. ശിക്ഷ നാളെ മൂന്ന് മണിക്ക് പ്രഖ്യാപിക്കും. 
 
രണ്ടാം പ്രതി സജല്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീവ്, ഒന്‍പതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീന്‍ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി. നാലാം പ്രതി ഷഫീഖ്, ആറാം പ്രതി അസീസ്, ഏഴാം പ്രതി മുഹമ്മദ് റാഫി, എട്ടാം പ്രതി സുബൈര്‍, മന്‍സൂര്‍ എന്നിവരെ വെറുതെ വിട്ടു. തെളിവില്ലെന്ന് കണ്ടാണ് ഇവരെ കുറ്റവിമുക്തരാക്കിയത്. 
 
കേസിലെ ഒന്നാം പ്രതി പെരുമ്പാവൂര്‍ ഓടയ്ക്കാലി സ്വദേശി സവാദ് ഇപ്പോഴും ഒളിവിലാണ്. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 
 
2010 ജൂലൈ നാലിനാണ് പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിയത്. കോളേജിലെ രണ്ടാം സെമസ്റ്റര്‍ ബി.കോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യ പേപ്പറില്‍ പ്രവാചകനെ അവഹേളിക്കുന്ന രീതിയില്‍ ഉള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article