കളഞ്ഞുകിട്ടിയ മുക്കാല്‍ ലക്ഷം രൂപ ഉടമയ്ക്ക് കൈമാറി മാതൃകയായി

എ കെ ജെ അയ്യര്‍

വ്യാഴം, 4 ഫെബ്രുവരി 2021 (19:53 IST)
നെയ്യാറ്റിന്‍കര: കളഞ്ഞു കിട്ടിയ മുക്കാല്‍ ലക്ഷം രൂപ ഉടമയ്ക്ക് കൈമാറി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മാതൃകയായി. രണ്ട് ദിവസം മുമ്പ് സര്‍വീസ് അവസാനിപ്പിച്ച് ബസ്സില്‍ നിന്നും ഇറങ്ങുന്നതിനിടെയാണ് നെയ്യാറ്റിന്‍കര ഡിപ്പോയിലെ കണ്ടക്ടറായ പ്രശാന്തിന് പ്ലാസ്റ്റിക് കവര്‍ ലഭിച്ചത്. തുറന്നു നോക്കിയപ്പോള്‍ അതില്‍ നോട്ടുകളും ബാങ്ക് പാസ് ബുക്കുകളും ഉണ്ടായിരുന്നു. ഉടന്‍ തന്നെ ഡ്രൈവര്‍ സാബുകുമാറുമായി കെ.എസ് .ആര്‍.ടി.സി അധികാരികളെ ഏല്പിച്ചു.
 
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാസ്ബുക്കിന്റെ ഉടമ ലീലാ തമ്പി എന്നയാളാണെന്നും ഇത് കാനറാ ബാങ്കിന്റെ ആനയറ ശാഖയിലേതാണെന്നും കണ്ടെത്തി. തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെട്ട ഉടമയെ വിവരം അറിയിക്കുകയായിരുന്നു. വീട് പണിക്കായി മൂന്നു ബാങ്കുകളിലായി ഉണ്ടായിരുന്ന നിക്ഷേപം പിന്‍വലിച്ച പണമാണിതെന്നു വയോധികയായ ലീലാ തമ്പി അറിയിച്ചു.
 
നഷ്ടപ്പെട്ടു എന്ന് വിചാരിച്ച പണം തിരിച്ചു കിട്ടിയ സന്തോഷത്തില്‍ ജീവനക്കാരെ അനുഗ്രഹിക്കാനും അവര്‍ മറന്നില്ല. കഴിഞ്ഞ ദിവസവും പണവും മറ്റു രേഖകളും അടങ്ങിയ പഴ്‌സ് ലഭിച്ച കെ.എസ് .ആര്‍.ടി.സി ജീവനക്കാര്‍ നഷ്ടപ്പെട്ടയാള്‍ക്ക് അവ മടക്കി നല്‍കിയതും വാര്‍ത്തയായിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍