പാറമടകളുടെ ലൈസന്‍സ് റദ്ദാക്കല്‍: സാവകാശം വേണമെന്ന് സര്‍ക്കാര്‍

Webdunia
വെള്ളി, 25 ജൂലൈ 2014 (13:34 IST)
സംസ്ഥാനത്ത് പാരിസ്ഥിതികാനുമതിയില്ലാതെ പ്രവർത്തിക്കുന്ന പാറമടകളുടെ ലൈസൻസ് റദ്ദാക്കാൻ സാവകാശം വേണമെന്നാവശ്യപ്പെട്ട് സർക്കാർ ദേശീയ ഹരിത ട്രിബ്യൂണലില്‍ സത്യവാങ്മൂലം നല്കി. പാറമടകള്‍ ഉടന്‍ അടച്ചു പൂട്ടിയാല്‍ സംസ്ഥാനത്തെ സ്വകാര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുമെന്ന് കാട്ടിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

സംസ്ഥാനത്തെ പരിസ്ഥിതി അനുമതിയില്ലാത്ത പാറമടകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നല്‍കിയ ഉത്തരവ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംങ്മൂലം.

ട്രിബ്യൂണലിന്റെ ഉത്തരവ് അംഗീകരിച്ച കേരളം പരിസ്ഥിതി അനുമതിയില്ലാത്ത പാറമടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറാണെന്നും വ്യക്തമാക്കി. അതേസമയം നടപടിയെടുക്കാന്‍ ഒരു വര്‍ഷത്തെ സമയമാണ് ചോദിക്കുന്നത്. 2300 ലധികം പാറമടകളാണ് ഇന്ന് സംസ്ഥാനത്തുള്ളത്.