കൊച്ചിയില്‍ പുതുവത്സരാഘോഷത്തിന് പൊലീസ് സാന്നിധ്യം നിര്‍ബന്ധം; ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

Webdunia
ചൊവ്വ, 27 ഡിസം‌ബര്‍ 2016 (13:59 IST)
പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ നടക്കുന്ന ഡിജെ പാർട്ടികൾക്ക് കര്‍ശന നിയന്ത്രണം. അരണ്ട വെളിച്ചത്തിലുളള ഡിജെ പാര്‍ട്ടികള്‍ക്കാണ് പൊലീസ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ആഘോഷങ്ങള്‍ 12.30ന് മുന്‍പ് അവസാനിപ്പിക്കണമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
 
ഡിജെ പാർട്ടികൾ നടത്താനുള്ള അനുമതിയ്ക്കായി ആഢംബര ഹോട്ടലുകൾ സമർപിച്ച അപേക്ഷകൾ പൊലീസ് തള്ളി. സംഗീത വിരുന്നുകള്‍ക്ക് അനുമതി നിഷേധിച്ചിട്ടില്ല. എന്നാല്‍ കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധര്‍ക്ക് വരെ പങ്കെടുക്കാവുന്ന തരത്തിലാകണം പാര്‍ട്ടികളെന്നും പൊലീസ് അറിയിച്ചു.
 
പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. മതിയായ വെളിച്ചവും പൊലീസ് സാന്നിധ്യവും അവിടങ്ങളില്‍ ഉറപ്പുവരുത്തണം. അബ്കാരി ചട്ടവും നിയമവും അനുസരിച്ചുളള സല്‍കാരങ്ങള്‍ മാത്രമെ പാടുള്ളൂ. നഗരത്തിൽ മയക്കുമരുന്നിന്റെ ഉപയോഗം കൂടിയ സാഹചര്യത്തിലാണ് ഈ പൊലീസ് നടപടി.
Next Article