വൃദ്ധനെ എറിഞ്ഞു കൊന്ന അയല്‍വാസി അറസ്റ്റില്‍. അയല്‍വാസിയായ അശോകനാണ് അറസ്റ്റിലായത്. യാത്രാതടസം സൃഷ്ടിച്ചുവെന്നാരോപിച്ചാണ് കീഴാറ്റിങ്ങല്‍ ശാസ്താംനട ലതികാ ഭവനില്‍ ഗോപി എന്ന 60 കാരനെ എറിഞ്ഞു കൊന്നത്.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഗോപിയുടെ പുരയിടത്തില്‍ നിന്ന പ്ലാവ് മുറിച്ച സമയത്ത് തടി റോഡില്‍ വീണു. ഇതിനെ തുടര്‍ന്ന് വാഹനയാത്ര തടസപ്പെട്ടു. ഇതില്‍ പ്രകോപിതനായ അയല്‍വാസി അശോകന്‍ റോഡരുകില്‍നിന്ന ഗോപിയുടെ ചെറുമക്കളെ ഉപദ്രവിച്ചു. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ ഗോപിയുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും അശോകന്‍ ഗോപിയെ എറിഞ്ഞു വീഴ്ത്തുകയും ചെയ്തു.
ഗോപിയുടെയും കുട്ടികളുടെയും നിലവിളി കേട്ട് എത്തിയ ബന്ധുക്കളെ അശോകന്‍ കാറിനുള്ളില്‍ നിന്ന് തോക്കെടുത്തു ഭീഷണിപ്പെടുത്തി അവിടെനിന്നു മുങ്ങുകയും ചെയ്തു. ഗോപിയെ ഉടന്‍ തന്നെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.