ജീവനു തുല്യം പ്രാണനാഥനെ സ്നേഹിച്ചവളാണ് നീനു. പ്രണയത്തിന്റെ പേരിൽ അവൾക്ക് നഷ്ടപ്പെട്ടത് കെവിന്റെ ജീവൻ തന്നെയായിരുന്നു. നീനുവിന്റെ പിതാവും സഹോദരനുമാണ് കെവിന്റെ ജീവനെടുത്തത്. എന്നാൽ, കെവിന്റെ പിതാവ് ജോസഫിനും മാതാവ് മേരിക്കുമൊപ്പമാണ് നീനു ഇപ്പോൾ കഴിയുന്നത്.
നീനുവിന്റെ വീട്ടുകാർ കെവിന്റെ ജീവൻ എടുത്തതിനു പകരം ചെയ്യാൻ നമുക്കാകില്ലല്ലോയെന്ന് അമ്മ മേരി മാതൃഭൂമിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. നീനുവിനെ ഇത്രയധികം സ്നേഹിക്കാൻ മേരിക്കെങ്ങനെ കഴിയുന്നുവെന്നത് കേരളത്തിലെ ഓരോരുത്തരം ചോദിച്ചിട്ടുണ്ട്. അതിനുള്ള ഉത്തരം കൂടിയാണ് മേരി ഇപ്പോൾ നൽകുന്നത്.
‘എന്റെ കുഞ്ഞിനെ ഇല്ലാതാക്കിയവരെ വെറുക്കാൻ എനിക്ക് എളുപ്പം കഴിയും. പക്ഷേ അവരെ സ്നേഹിക്കാനാണ് ബുദ്ധിമുട്ട്. മരണം വരെ അവനെയോർത്ത് കണ്ണീരൊഴുക്കാനാണ് എന്റെ വിധി. എന്റെ കുഞ്ഞിനെ കൊന്നവന്റെ മകളായി നീനുവിനെ ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. പകരത്തിന് പകരം ചെയ്യാൻ നമുക്കെന്ത് അവകാശമാണ്?’
നീനുവിനും ഇപ്പോൾ ഇത് സ്വന്തം വീടാണ്. ‘ഈ അമ്മയുടെ മരുമകളായി സ്വപ്നംകണ്ടിരുന്നതാണ് ഞാന്‍. പക്ഷേ, ഇപ്പം ഞാനവര്‍ക്ക് മകളാണ്. ഇതുപോലൊരു അച്ഛനും അമ്മയും ഭാഗ്യമാണ്. പക്ഷേ, ഇതൊന്നും കാണേണ്ടയാൾ ഒപ്പമില്ലാതെയായി‘- നീനു കണ്ണീരോടെ പറയുന്നു.