തുടര്‍ച്ചയായി വരുന്ന ആരോപണങ്ങള്‍ തന്നെ ശക്തനാക്കി തീര്‍ത്തുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തങ്ങള്‍ എസ്എൻഡിപി സംഘടിക്കരുത് എന്നാണ് ഇടത് വലത് മുന്നണികള്‍ പറയുന്നത്. എസ്എൻഡിപി സംഘടിച്ചാൽ സുനാമി വരുമെന്നാണ് ഇരുവരും പറയുന്നത്. രാഷ്ട്രീയ പാർട്ടി ഉണ്ടാകുമെന്ന് വ്യക്തമാക്കിയതോടെ മുന്നണികൾ സീറ്റ് വാഗ്ദാനവുമായി പിന്നാലെയാണെന്നും അദ്ദേഹം പറഞ്ഞു.
തന്നെയും എസ്എൻഡിപിയേയും കടന്നാക്രമിക്കാന്‍ ഇടത്-വലത് മുന്നണികൾ ഒരുങ്ങി നടക്കുകയാണ്. അങ്ങനെയെങ്കിലും അവര്‍ ഒന്നിച്ചതില്‍ സന്തോഷമുണ്ട്. ആരോപണങ്ങള്‍ ഒരിക്കലും തളര്‍ത്താറില്ല. വീണ്ടും ശക്തി പകരുക മാത്രമാണ് ചെയ്‌തത്. ബിജെപിയില്‍ മാത്രം വര്‍ഗീയ കാണുന്നതെങ്ങിനെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളാ കോണ്‍ഗ്രസിലും ലീഗിലും ആരും വര്‍ഗീയ കാണുന്നില്ലെന്നും എസ്എൻഡിപി സെക്രട്ടറി വ്യക്തമാക്കി.
ആലപ്പുഴ പ്രസ് ക്ളബ്ബിന്റെ തിരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.