നൗഷാദ് ആയി ജയസൂര്യ; മാന്‍ഹോള്‍ ദുരന്തം വെള്ളിത്തിരയിലേക്ക്‌

Webdunia
ചൊവ്വ, 12 ജനുവരി 2016 (15:04 IST)
നഗരത്തില്‍ നടന്ന മാന്‍ഹോള്‍ ദുരന്തത്തില്‍ മരണത്തിനു കീഴടങ്ങിയ ഓട്ടോറിക്ഷ ഡ്രൈവര്‍ നൗഷാദിന്റെ ജീവിതം സിനിമയാകുന്നു. സജീഷ്‌ വേലായുധന്‍ സംവിധാനം ചെയ്യുന്ന 'ഞങ്ങളുടെ സ്വന്തം ഉണ്ണിക്ക' എന്ന സിനിമയില്‍ നൌഷാദായി പ്രശസ്ത താരം ജയസൂര്യ എത്തും.
 
നൌഷാദിന്റെ കുടുംബത്തിന്റെ പൂര്‍ണ്ണ സമ്മതത്തോടെയും സഹകരണത്തോടെയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. നൌഷാദിന്റെ ഓട്ടോറിക്ഷ തന്നെ ആയിരിക്കും സിനിമയിലും ഉപയോഗിക്കുക. ‘ചാലിയാര്‍’ എന്ന പുതിയ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ശ്രീജേഷും വിപിനേഷും ചേര്‍ന്ന് എഴുതും. 
 
ചിത്രത്തിന്റെ പ്രധാന ചിത്രീകരണം കോഴിക്കോട്ടും ഗുരുവായൂരുമാണ്. മോഹന്‍ സിത്താര സംഗീത സംവിധാനം നിര്‍വഹിക്കുന്ന  ഈ ചിത്രത്തിലെ വരികള്‍ ബാപ്പു വാവാടിന്റെയാണ്. ബിജോയ്‌സ് ഛായാഗ്രഹണവും സുരേഷ്‌ ഫിറ്റ്‌വെല്‍ വസ്‌ത്രാലങ്കാരവും ദിനേശ്‌ കാലിക്കറ്റ്  ചമയവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ഷെയ്‌ഖ്‌ അഫ്‌സലും ചീഫ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍ കുടമാളൂര്‍ രാജാജിയും ആണ്. 
 
കോഴിക്കോട് വെച്ചു നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംവിധായന്‍ സജീഷ്‌ വേലായുധനെ കൂടാതെ തിരക്കഥാകൃത്തുക്കളായ ശ്രീജേഷ്‌, വിപിനേഷ്‌, ഗാനരചയിതാവ്‌ ബാപ്പു വാവാട്‌, നൗഷാദിന്റെ ഭാര്യാപിതാവ്‌ ഹംസക്കോയ, അമ്മാവന്‍മാരായ ഷാജി, ഷാഫി, സഹോദരീഭര്‍ത്താവ്‌ സല്‍മാന്‍ തുടങ്ങിയവരും പങ്കെടുത്തു.