നന്തന്‍കോട് കൂട്ടക്കൊല: ഒളിവിൽപോയ മകൻ കേഡല്‍ ജീന്‍സൺ പിടിയിൽ

Webdunia
തിങ്കള്‍, 10 ഏപ്രില്‍ 2017 (19:55 IST)
നന്തന്‍കോട്ട് മാതാപിതാക്കൾ അടക്കം നാലുപേരുടെ മരണത്തിനു ഉത്തരവാദിയെന്നു സംശയിക്കുന്ന മകൻ കേഡല്‍ ജീന്‍സൺ പിടിയിൽ. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആർപിഎഫ് ഉദ്യോഗസ്ഥരാണ്  ഇയാളെ പിടികൂടിയത്.

കേഡല്‍ തമ്പാനൂരിൽ എത്തിയതായി പൊലീസിനു സൂചന ലഭിച്ചിരുന്നു. ഇതേത്തുടർന്ന് തിരുവനന്തപുരം നഗരത്തിൽ കർശന പരിശോധന നടത്തിവരികയായിരുന്നു പൊലീസ് സംഘം. ആർപിഎഫിനും പൊലീസ് വിവരം കൈമാറിയിരുന്നു. തുടര്‍ന്നാണ് ഏഴുമണിയോടെ ഇയാള്‍ പിടിയിലായത്.

ഞായറാഴ്ചയാണ് ദമ്പതികളും മകളും അടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഡോ ജീൻ പത്മ (58), ഭർത്താവ് റിട്ട പ്രഫ രാജ തങ്കം (60), മകൾ കരോലിൻ (26), ഡോ ജീന്റെ ബന്ധു ലളിത (70) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.‌

രണ്ട് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലും ഒരു മൃതദേഹം ചാക്കിൽ കെട്ടിയ നിലയിലും മറ്റൊന്ന് വെട്ടി നുറുക്കിയ നിലയിലുമായിരുന്നു. കൂടാതെ പകുതി കത്തിയ നിലയിൽ ഒരു ഡമ്മിയും കണ്ടെത്തിയിരുന്നു. സംഭവത്തിനു ശേഷം ദമ്പതികളുടെ മകൻ കേഡലിനെ കാണാതായിരുന്നു. മകൻ കൊല നടത്തിയ ശേഷം മൃതദേഹങ്ങൾ കത്തിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.  

ഓസ്ട്രേലിയയിൽ പഠനം പൂർത്തിയാക്കിയ കേഡല്‍ ജീൻസണ്‍ 2009ൽ നാട്ടിലെത്തിയിരുന്നു. തുടർന്ന് ഓസ്ട്രേലിയയിലെ കമ്പനിയിൽ ഉന്നത തലത്തിൽ ജോലി നോക്കിവരികയായിരുന്നു.
Next Article