ദേശീയ ഗെയിംസില്‍ വന്‍ അഴിമതി: പാലോട് രവി രാജിവെച്ചു

Webdunia
ഞായര്‍, 4 ജനുവരി 2015 (11:55 IST)
ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയും ധൂര്‍ത്തും നടക്കുന്നതായി ആരോപിച്ച് ഗെയിംസിന്റെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്ന് ഗണേഷ് കുമാര്‍ രാജിവെച്ചതിന് പിന്നാലെ ഗെയിംസിന്റെ കള്‍ച്ചറല്‍ ആന്‍ഡ് സെറിമണി കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതായി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പാലോട് രവി അറിയിച്ചു.

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ടുള്ള നടത്തിപ്പില്‍ വന്‍ അഴിമതിയും ക്രമക്കേടുകളുമാണ് നടക്കുന്നത്. ഗെയിംസിന്റെ തുടക്കത്തില്‍ തന്നെ ആദ്യമത്സരങ്ങള്‍ നടക്കേണ്ടത് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ പിരപ്പന്‍കോട്ടെ അന്താരാഷ്ട്ര നീന്തല്‍ക്കുളത്തിലാണ്. ഈ സാഹചര്യം നിലനില്‍ക്കെ കുളത്തിന്റെ കേട് പാടുകള്‍ പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

നീന്തല്‍ക്കുളം ചോര്‍ന്നൊലിക്കുന്ന നിലയിലാണ്. പൊട്ടിപ്പൊളിഞ്ഞ നീന്തല്‍കുളവും പരിസരവും. വൃത്തിയാക്കാത്ത പവലിയനും മത്സരങ്ങള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയിലുമാണ്. 700 കായിക താരങ്ങള്‍ മാറ്റുരക്കുന്ന വേദിയില്‍ സ്പ്രിംഗ് ബോര്‍ഡ് ഡൈവിംഗും ഹൈ ബോര്‍ഡ് ഡൈവിംഗും ഒക്കെ നടക്കേണ്ട ഡൈവിംഗ് പൂളില്‍ നിന്ന് വെള്ളം ചോര്‍ന്നൊലിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടും അധികൃതര്‍ ഈ കാര്യങ്ങള്‍ പരിഗണിക്കുന്നില്ല.

പകലും രാത്രിയിലുമായി മത്സരങ്ങള്‍ നടക്കുന്ന വേദിയില്‍ വിളക്കു സ്ഥാപിക്കുന്നതില്‍ പോലും വന്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. പാര്‍ക്കിംഗിന് കണ്ടെത്തിയ സ്ഥലത്ത് പ്രാരംഭ ജോലികള്‍ പോലും നടന്നിട്ടില്ല. കുളിമുറിയും ഡ്രസ്സിംഗ് റൂമും അടക്കമുള്ള സംവിധാനങ്ങളും ഒരുങ്ങിയില്ല എന്നതും ഗെയിംസിന്റെ ശോഭ കെടുത്തുമെന്ന് ഉറപ്പാണ്.

അതേസമയം ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടക്കുന്നുവെന്ന് വ്യക്തമാക്കിയാണ് പാലോട് രവി രാജിവെച്ചത്. താന്‍ ചെയര്‍മാനായ കമ്മിറ്റിയുടെ ഒരു കാര്യം പോലും അറിഞ്ഞില്ല. ഗെയിംസിന്റെ നോട്ടീസ് കിട്ടിയപ്പോള്‍ മാത്രമാണ് ഗെയിംസ് പരിപാടികളെല്ലാം തീരുമാനിച്ച വിവരം അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹം ഗെയിംസിന്റെ പാക പിഴകളെ കുറിച്ച് പറഞ്ഞത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.