നാദാപുരത്ത് എല്‍ കെ ജി വിദ്യാര്‍ഥിനിയെ പീഡനത്തിനിരയായ സംഭവത്തില്‍ തെളിവ് നശിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചതായി കുട്ടിയുടെ പിതാവ്. സ്‌കൂളില്‍ വെച്ച് പീഡനത്തിനിരയായ കുഞ്ഞ് ഒരു മണിക്കൂറോളം ക്ലാസ് മുറിയില്‍ ഇരുന്ന് കരഞ്ഞതായും പിതാവ് പറയുന്നു. പരാതിയില്‍ നിന്ന് പിന്‍വാങ്ങാന്‍ മാനേജ്‌മെന്റ് പണം വാഗ്ദാനം ചെയ്തു. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ താന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും പിതാവ് പറഞ്ഞു.
പീഡനവിവരം അറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ വീട്ടില്‍ വിവരം അറിയിക്കാതെ പെണ്‍കുട്ടിയുടെ ശരീരം ഡെറ്റോള്‍ ഒഴിച്ച് കഴുകി വൃത്തിയാക്കി. കൂടാതെ ശരീരത്തിലെ മുറിവ് മരക്കമ്പ് തട്ടി മുറിഞ്ഞതാണെന്ന് വീട്ടുകാരോട് പറയാന്‍ നിര്‍ദേശിച്ചതായും പിതാവ് ഒരു പ്രമുഖ വാര്‍ത്താചാനലിനോട് വെളിപ്പെടുത്തി.
സംഭവം വീട്ടുകാരെയോ പൊലീസിനെയോ അറിയിക്കുന്നതിന് പകരം തെളിവ് നശിപ്പിക്കാനാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ശ്രമിച്ചത്. കുഞ്ഞിന് ശക്തമായ പനിയും ശരീരവേദനയും ഉണ്ടായതിനെത്തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡനവിവരമറിയുന്നത്. സ്കൂള്‍ അധികൃതര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും പിതാവ് ചൂണ്ടിക്കാട്ടുന്നു.