ബാലകൃഷ്ണന്‍ എന്ന നിഷ്കളങ്കന്‍

Webdunia
വെള്ളി, 26 ഡിസം‌ബര്‍ 2014 (13:59 IST)
സിനിമാ ലോകത്തെ നിഷ്കളങ്കന്‍ അതായിരുന്നു എന്‍ ‌എല്‍ ബാലകൃഷ്ണന്‍. കളങ്കമില്ലതെ വിദ്വേഷമില്ലാതെ ആളുകളൊട് സംവദിച്ചിരുന്ന ബാലകൃഷ്ണന്‍ സിനിമാ ലോകത്തിന് എന്നും അത്ഭുതമായിരുന്നു. ചെന്നെത്തുന്ന ഇടങ്ങളിലും മേഖലകളിലും സൌഹൃദ വലയങ്ങളുണ്ടാക്കാനുള്ള ബാലകൃഷ്ണന്റെ സ്വാഭാവികമായ ഇടപഴകലുകള്‍ എന്നും എല്ലാവര്‍ക്കും സ്വീകാര്യനായിരുന്നു. 
 
വലിയ സൌഹൃദ വലയമുണ്ടായിരുന്ന ബാലകൃഷ്ണന്റെ അടുത്ത കൂട്ടുകാരായിരുന്നു ജി അരവിന്ദന്‍, ജോണ്‍ എബ്രഹാം, പത്മരാജന്‍ തുടങ്ങിയവര്‍. തന്റെ 126 കിലോയോളം വരുന്ന തടിച്ച ശരീരം കൊണ്ട് പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരുപിടി നല്ല വേഷങ്ങള്‍ അഭിനയ ജീവിതത്തില്‍ പകര്‍ന്നാടിയ ബാലകൃഷ്ണന്റെ വേര്‍പാട് കലാ ലോകത്തിന് തീരാ‍ത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്.
 
1943ല്‍ തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണത്താണ്‌ നാരായണ്‍ ലക്ഷ്മി ബാലകൃഷ്ണന്‍ എന്ന എന്‍ എല്‍ ബാലകൃഷ്‌ണന്‍ ജനിച്ചത്‌. 1965ല്‍ ദി മഹാരാജാസ്‌ സ്‌ക്കൂള്‍ ഓഫ്‌ ആര്‍ട്‌സില്‍ (ഇന്നത്തെ കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്‌സ്‌) ഡ്രോയിംഗ്‌ & പെയിന്റിംഗ്‌ ഡിപ്ലോമ കരസ്ഥമാക്കി. തിരുവനന്തപുരത്തുള്ള മെട്രോ സ്റ്റുഡിയോ, ശിവന്‍സ്‌ സ്റ്റുഡിയോ, രൂപലേഖാ സ്റ്റുഡിയോ, കലാലയാ സ്റ്റുഡിയോ എന്നിവിടങ്ങളില്‍ നിന്നും ഫോട്ടോഗ്രാഫി പഠിച്ചു.
 
സിനിമാ അഭിനയത്തേക്കാള്‍ ബാലകൃഷ്ണന്‍ തന്റെ ഫൊട്ടോഗ്രാഫിയിലുള്ള കഴിവാണ് ബാലകൃഷ്ണനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയത്. ഭക്ഷണപ്രിയനായിരുന്നു ബാലകൃഷ്ണ. എന്ത് കഴിച്ചാലും ദഹിക്കണം, എവിടെ കിടന്നാലും ഉറങ്ങാന്‍ കഴിയണം, ആശുപത്രികളില്‍ കയറാന്‍ ഇടവരരുത് ഇതൊക്കെയായിരുന്നു ബാലകൃഷ്ണന്റെ സ്വകാര്യ ആഗ്രഹങ്ങള്‍. മദ്യപാനികളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തി വാര്‍ത്തകളില്‍ ഇടം നേടിയ ബാലകൃഷ്ണന്‍ നല്ല മദ്യം ഉപയോഗിക്കണമെന്ന അഭിപ്രായക്കാരനായിരുന്നു.
 
തന്റെ സിനിമാ അനുഭവങ്ങളേക്കുറിച്ചുള്ള കുറിപ്പുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട് ഇദ്ദേഹം. ഫോട്ടോഗ്രാഫിയിലുള്ള കഴിവ് തന്റെ സിനിമാ ജീവിതത്തില്‍ ഇദ്ദേഹം നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 170ഓളം ചിത്രങ്ങളില്‍ സ്റ്റില്‍ ഫൊട്ടോഗ്രാഫറായി ഇദ്ദേഹം പ്രവര്‍ത്തിച്ചു എന്നത് അദ്ദേഹത്തിന്റെ കഴിവ് വ്യക്തമാക്കുന്നു. ജി. അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്‌ണന്‍ ഉള്‍പ്പെടെ മലയാള സിനിമയിലെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ നിശ്ചലഛായാഗ്രാഹകനായി.
 
1968 മുതല്‍ 1979 വരെ 11 വര്‍ഷക്കാലം കേരള കൗമുദി ദിനപത്രത്തിന്റെ തിരുവനന്തപുരം ഓഫീസില്‍ സ്റ്റാഫ്‌ ഫോട്ടോഗ്രാഫറായും ജോലി ചെയ്‌തു.  1986ല്‍ ശില്‌പി രാജീവ്‌ അഞ്ചല്‍ സംവിധാനം ചെയ്‌ത അമ്മാനം കിളി എന്ന കുട്ടികളുടെ സിനിമയില്‍ അഭിനേതാവായി അരങ്ങേറി. ശേഷം 162 സിനിമകളില്‍ പല വേഷങ്ങളില്‍ ബാലകൃഷ്ണന്‍ പകര്‍ന്നാടി. ഒടുവില്‍ ജീവിതത്തില്‍ ഒരിക്കലും ആഗ്രഹിക്കാത്ത രീതിയില്‍ അദ്ദേഹത്തെ മരണം പതുക്കെ പതുക്കെ കീഴടക്കി. 
 
എന്തുകഴിച്ചാലും ദഹിക്കത്തക്ക ആരോഗ്യത്തിനായി കൊതിച്ച ബാലകൃഷ്ണനെ ഹൃദ്രോഗത്തിന്റെയും പ്രമേഹത്തിന്റെയും വേഷത്തിലാണ് വിധി ആദ്യത്തെ തിരിച്ചടി നല്‍കിയത്. തുടര്‍ന്ന് വ്യക്തിജീവത്തിലേക്ക് ഒതുങ്ങിതീര്‍ന്ന ബാലകൃഷ്ണന്‍ ജീവിതത്തിലേക്ക് ശക്തമായി തിരിച്ചുവരുന്നതിനായി കൊതിച്ചിരിക്കെ അര്‍ബുദം ആ ശരീരത്തെ കാര്‍ന്നു തിന്നാന്‍ തുടങ്ങി. ഒടുവില്‍ സിനിമയിലെ ആ വ്യത്യസ്ഥന്‍ കാലയവനികയ്ക്കപ്പുറത്തേക്ക് യാത്രയായി.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.