പോത്തൻകോട്ട് അന്യസംസ്ഥാന തൊഴിലാളിയുടെ മരണത്തിൽ ദുരൂഹത

Webdunia
വ്യാഴം, 27 ഒക്‌ടോബര്‍ 2022 (14:05 IST)
തിരുവനന്തപുരം: പോത്തന്കോട്ടിനടുത്ത് കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് അന്യ സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ബംഗാൾ സ്വദേശി ഗോവിന്ദ് എന്ന മുപ്പതുകാരനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
 
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇത് കൊലപാതകമാണെന്ന് സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ടു രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പതിനൊന്ന് അന്യസംസ്ഥാന തൊഴിലാളികൾ ഒരുമിച്ചാണ് വാടകയ്ക്ക് വീടെടുത്ത് ഇവിടെ താമസിക്കുന്നത്. ഇതിൽ ഒരാളുടെ മൊബൈൽ ഫോൺ കാണാതായതിനെ തുടർന്നുണ്ടായ പ്രശ്നത്തിൽ മരിച്ചയാൾക്ക് മർദ്ദനമേറ്റതായി വിവരമുണ്ട്.
 
ഇതുമായി തുടർച്ചയായി വീണ്ടും വാക്കുതർക്കം ഉണ്ടായതായും സൂചനയുണ്ട്. പിനീട് ഇയാളെ അടുത്ത ദിവസം തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഇയാളെ തൂങ്ങിയ നിലയിൽ കണ്ടപ്പോൾ തന്നെ തൂങ്ങാൻ ഉപയോഗിച്ച തുണി അറുത്തു താഴെ ഇട്ടെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു എന്നാണ് പിടിയിലായവർ പറയുന്നത്. മരിച്ച ഗോവിന്ദനും സഹവാസികളും തമ്മിൽ വാക്കുതർക്കം ഉണ്ടായത് അറിഞ്ഞ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.
 
ഇതിനിടെ ഇതിൽ പെട്ട ഒരാൾ ഇവിടെ നിന്ന് രക്ഷപ്പെട്ടതായും പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. നെടുമങ്ങാട് ഡി.വൈ.എസ്.പി ഉൾപ്പെടെയുള്ള ഉന്നത പോലീസ് സംഘം സ്ഥലം സന്ദർശിച്ചു അന്വേഷണത്തിനു തുടക്കമിട്ടു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article