മുളകുപൊടി വിതറി മാല മോഷണം; പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി നാട്ടുകാരും പൊലീസും

Webdunia
വെള്ളി, 26 ഫെബ്രുവരി 2016 (10:50 IST)
മുളകുപൊടി വീട്ടമ്മയുടെ മുഖത്തു വിതറിയശേഷം യുവാവ് വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന നാലുപവന്റെ സ്വര്‍ണ്ണമാല പൊട്ടിച്ചോടി. കിഴക്കേക്കര നെല്ലിപ്പിള്ളി പണ്ടിരിമറ്റം ഷെരീഫിന്‍റെ ഭാര്യ റൈഹാന എന്ന 35 കാരിയായ വീട്ടമ്മയുടെ മാലയാണു നഷ്ടപ്പെട്ടത്.

മുറി ഹിന്ദിയില്‍ വഴിചോദിച്ചെത്തിയ യുവാവാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടുമുറ്റത്ത് നിന്ന വീട്ടമ്മയോടെ മാലയുമായി കടന്നത്. ഈ സമയം വീട്ടില്‍ കുട്ടികളും വൃദ്ധരായ മാതാപിതാക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

പുറത്ത് ഇരുട്ടായിരുന്നതിനാല്‍ യുവാവ് ഏതു വഴിക്കാണ് ഓടിയതെന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. നാട്ടുകാരും പൊലീസും പരിസരമാകെ അരിച്ചുപെറുക്കിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.