ഒടുവില്‍ മുസ്ലീം ലീഗും ചോദിച്ചു, എന്തിന് ഇങ്ങനെയൊരു മുന്നണി?
ആരോപണ പ്രത്യാരോപണങ്ങള്‍ കോണ്‍ഗ്രസിനകത്ത് പുകയുന്നതിനിടെ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് മുസ്ലിം ലീഗ് രംഗത്ത്. ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദാണ് കോണ്‍ഗ്രസിലെ ആഭ്യന്തര കലഹത്തില്‍ അ തൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയത്. നേതാക്കൾ പരസ്പരം ചെളിവാരിയെറിയുന്നത് വളരെയധികം അതൃപ്തിയുണ്ടാക്കുന്നുണ്ട്. ഈ രീതിയിൽ മുന്നോട്ടു പോകാനാണെങ്കിൽ എന്തിനാണ് മുന്നണി സംവിധാനമെന്നും മജീദ് ചോദിച്ചു.
പാണാക്കാട് ചേർന്ന യോഗത്തിലാണ് കോൺഗ്രസിനെതിരെ ലീഗ് ആഞ്ഞടിച്ചത്. യുഡിഎഫിന്റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിനാണ് ജാഥ നടത്തുന്നത്. ഇപ്പോൾ ജാഥ നടത്തുന്നതിനുള്ള സാഹചര്യമാണോയെന്നു പരിശോധിക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. മേഖല ജാഥകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിനുള്ളിൽ അപസ്വരം ഉയരുന്നത് മുന്നണിയെ പ്രതികൂലമായി ബാധിക്കുമെന്നും ലീഗ് നേതൃത്വം വിലയിരുത്തുന്നു.
കോൺഗ്രസിലെ ആരോപണ പ്രത്യാരോപണങ്ങൾ മുന്നണിക്ക് ഗുണം ചെയ്യില്ലെന്നും തമ്മിലടി പരിഹരിക്കാൻ അടിയന്തര നടപടി വേണം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടും യുഡിഎഫ് കൺവീനർ പിപി. തങ്കച്ചനോടും ഇക്കാര്യം ആവശ്യപ്പെടുമെന്നും മുസ്‌ലിം ലീഗ് നേതൃത്വം വ്യക്തമാക്കി.