പ്രമുഖ സംഗീതസംവിധായകന്‍ രാജാമണി അന്തരിച്ചു. അറുപതു വയസ്സ് ആയിരുന്നു. ചെന്നൈയിലെ നിയോട്ട ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി ഒമ്പതരയോടെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 150 ഓളം ചലച്ചിത്രഗാനങ്ങള്‍ക്ക് ഈണമിട്ടിട്ടുണ്ട്. പതിനൊന്ന് ഭാഷകളിലായി 700ലധികം ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതം ഒരുക്കിയിട്ടുണ്ട്. ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് 1997ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഒ എന്‍ വിയുടെ വരികള്‍ക്കാണ് ഏറ്റവും ഒടുവില്‍ ഈണമിട്ടത്. ഒ എന്‍ വി വിടവാങ്ങി തൊട്ടടുത്ത ദിവസം രാജാമണിയും വിടവാങ്ങിയത് കാലത്തിന്റെ കാല്പനികതയാകാം. പ്രമുഖ സംഗീത സംവിധായകനായ ബി എ ചിദംബരനാഥിന്റെ മകനായ രാജാമണി പിതാവിന്റെ കീഴില്‍ നിന്നു തന്നെയാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്.
ഭാര്യ: ബീന. മകന്‍ അച്ചു രാജാമണിയും സംഗീത സംവിധായകനാണ്. മകള്‍ ആദിത്യ അഭിഭാഷകയാണ്. ചെന്നൈ രാമപുരത്തെ ഭക്ത വേദാന്ത അവന്യൂവിലായിരുന്നു താമസം.