വെളിച്ചപ്പാടിനെ വെട്ടിക്കൊന്ന കേസിലെ പ്രതി 15 വർഷങ്ങൾക്ക് ശേഷം പിടിയിൽ

എ കെ ജെ അയ്യര്‍

തിങ്കള്‍, 7 നവം‌ബര്‍ 2022 (18:28 IST)
തൃശൂർ: ഉത്സവത്തിനിടെ വെളിച്ചപ്പാടിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ പതിനഞ്ചു കൊല്ലത്തിനു ശേഷം പോലീസ് പിടികൂടി. കൂരിക്കുഴി സ്വദേശി കിഴക്കേവീട്ടിൽ വിജീഷ് എന്ന ഗണപതി (38) യാണ് അറസ്റ്റിലായത്.  

കൈപ്പമംഗലം കൂരിക്കുഴി കോഴിപ്പറമ്പിലെ ഉത്സവത്തിനിടെയാണ് വെളിച്ചപ്പാടായിരുന്ന കോഴിപ്പറമ്പിൽ ഷൈൻ കൊലചെയ്യപ്പെട്ടത്. 2007 മാർച്ച് 27 നായിരുന്നു സംഭവം. ഒരു പ്രകോപനവും കൂടാതെയായിരുന്നു ആറു പേരടങ്ങുന്ന സംഘം ക്ഷേത്രത്തിനകത്തു കയറി വെളിച്ചപ്പാടിനെ വെട്ടിയത്. ഇതിൽ നാല് പേരെ മുമ്പ് തന്നെ പിടികൂടിയിരുന്നു. സംഘാംഗങ്ങൾ എല്ലാവരും തന്നെ ചാമക്കാല, കൂരിക്കുഴി പ്രദേശങ്ങളിലെ സ്ഥിരം ആക്രമണ കേസുകളിലെ പ്രതികളായിരുന്നു.

കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് എൻ.ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് രണ്ടാം പ്രതിയായ വിജീഷിനെ പിടികൂടിയത്. കേസിലെ മറ്റു പ്രതികൾ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുവരികയാണ്. സംഭവത്തിന് ശേഷം ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ ഇയാൾ ഗണപതിയപ്പൻ എന്ന പേരിൽ കാസർകോട് ബേക്കൽ തുറമുഖം ഭാഗത്തു മത്സ്യത്തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു.

മത്സ്യ തൊഴിലാളികളുടെ വേഷത്തിൽ എത്തിയാണ് പോലീസ് ഇയാളെ കണ്ണൂർ ജില്ലയിലെ ആഴിക്കരയിൽ നിന്ന് പിടികൂടിയത്. സംഭവ സമയത്ത് മതിലകം എസ്.ഐ ആയിരുന്ന സലീഷ് എൻ.ശങ്കരൻ തന്നെയാണ് അന്ന് വിജീഷിനെ പിടികൂടിയിരുന്നത്. ഇപ്പോൾ പിടികൂടിയതും സലീഷ് എൻ.ശങ്കരൻ തന്നെയാണ്. ഇപ്പോൾ ഡി.വൈ.എസ്.പി ആയി എന്ന് മാത്രം.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍