ശിഷ്യന്മാർ റിട്ട.അധ്യാപികയെ വധിച്ച കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്

എ കെ ജെ അയ്യര്‍

ചൊവ്വ, 31 മെയ് 2022 (18:18 IST)
കാസർകോട്: സർവീസിൽ നിന്ന് വിരമിച്ച അധ്യാപികയെ ശിഷ്യന്മാർ തന്നെ കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർച്ച ചെയ്ത കേസിലെ പ്രതികളായ രണ്ടു പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ചീമേനി പുലിയന്നൂർ സ്വദേശി പി.വി.ജാനകി എന്ന 65 കാരിയെ കൊല ചെയ്ത കേസിലെ പ്രതികളായ ചേർക്കുളം വലിയവീട്ടിൽ വിശാഖ് (31), ചേർക്കുളം അള്ളറാട്ടു ഹൗസിൽ അരുൺകുമാർ (29) എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്.  

എന്നാൽ കേസിലെ രണ്ടാം പ്രതി പുലിയന്നൂർ ചേർക്കുളം തലക്കാട്ട് ഹൗസിൽ റെനീഷ് എന്ന 24 കാരനെ മതിയായ തെളിവില്ലാത്തതിനാൽ കോടതി വെറുതെവിട്ടിരുന്നു. 2017 ഡിസംബർ പതിമൂന്നിന് രാത്രി ഒമ്പതരയോടെ മുഖംമൂടി അണിഞ്ഞ സംഘം ജാനകിയുടെ വീട്ടിൽ കയറി അവരെ കൊലപ്പെടുത്തയ ശേഷം റിട്ട.അധ്യാപകനായ ഇവരുടെ ഭർത്താവ് കൃഷ്ണനെ (74) ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു.

അതിനുശേഷം ഇവിടെ നിന്ന് 17 പവന്റെ സ്വർണ്ണാഭരണം, 92000 രൂപ എന്നിവയുമായി പ്രതികൾ കടന്നുകളഞ്ഞു. കൊലചെയ്യപ്പെട്ട ജാനകി പഠിപ്പിച്ച ശിഷ്യന്മാരാണ് പ്രതികൾ. കൊലപാതകം, കവർച്ച, ഭാവനഭേദനം, ഗൂഡാലോചന, വധശ്രമം എന്നീ കുറ്റങ്ങളാണ് പ്രതികള്ക്കെതിരെ തെളിഞ്ഞത്.

കവർച്ച ചെയ്ത സ്വർണ്ണം ഉരുക്കിയ നിലയിൽ മംഗളൂരു, കണ്ണൂർ എന്നിവിടങ്ങളിലെ ജ്വല്ലറികളിൽ നിന്ന് പോലീസ് കണ്ടെടുത്തു. പ്രതികളുടെ മൊബൈൽ ലൊക്കേഷൻ പരിശോധനയിലാണ് ഇവരെ പിടികൂടിയതും തൊണ്ടിമുതൽ കണ്ടെത്താനും സഹായിച്ചത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍