തിരുവത്ര പുത്തന്‍കടപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് എ വിഭാഗം പ്രവര്‍ത്തകനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. അണ്ടത്തോട് ചാലില്‍ കോയമോന്റെ മകന്‍ ഹനീഫയെയാണ് (42) കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ഐ ഗ്രൂപ്പുകാരായ ഏഴോളം പേരെന്ന് ആരോപണം.
വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം.പ്രമുഖ എ ഗ്രൂപ്പ് പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയുമായ ഹനീഫ വീട്ടിലെത്തിയ ഉടനെയായിരുന്നു ആക്രമണം. മാരകായുധങ്ങളുമായെത്തിയ ഏഴോളം വരുന്ന ആക്രമികള്‍ വീട്ടിലെത്തി ബഹളം വെക്കുകയും ഹനീഫയുടെ അമ്മയേയും ഭാര്യയേയും മക്കളേയും ആക്രമിച്ച ശേഷം ഹനീഫയെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് കുത്തിവീഴ്‌ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഹനീഫയെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രദേശത്ത് നാളുകളായി നിലന്നിന്നിരുന്ന ഗ്രൂപ്പ് പോരാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഘര്‍ഷങ്ങളുടെ ഭാഗമായി കെഎസ്‌യു നേതാവായ ഹനീഫയുടെ സഹോദര പുത്രന് കഴിഞ്ഞ മാസം വെട്ടേറ്റിരുന്നു. ഇതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്. അക്രമികള്‍ വെള്ളിയാഴ്ച വൈകീട്ടോടെ വീടിന് സമീപം തമ്പടിച്ചതായാണ് വിവരം. കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെയാണ് ആക്രമണമെന്ന് സൂചനയുണ്ട്. കൊലവിളി മുഴക്കിയാണ് അക്രമിസംഘം രക്ഷപ്പെട്ടത്. ഹന്ന, ഹസ്ന, ഹയാ എന്നിവരാണ് ഹനീഫയുടെ മക്കള്‍. മൂന്നുമാസം പ്രായമായ മറ്റൊരു മകളുമുണ്ട്.