നിര്‍ണായക പിഎൽസി യോഗം ഇന്ന്; ദിവസക്കൂലി 380 രൂപയാക്കിയാലും മതിയെന്ന് തൊഴിലാളികള്‍

Webdunia
ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (08:09 IST)
ദിവസങ്ങളായി നടന്നുവരുന്ന തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീർപ്പാക്കുന്നതിന് പ്ലാന്റേഷൻ ലേബർ കമ്മിറ്റി ഇന്ന് വീണ്ടും യോഗം ചേരും. ഉച്ചയ്ക്ക് മൂന്നരയ്ക്ക് തൊഴിൽ മന്ത്രി ഷിബു ബേബി ജോണിന്റെ ചേംബറിൽ ചേരും. പില്‍സിക്ക് മുമ്പായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ട്രേഡ് യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തും. യോഗത്തില്‍ എല്ലാ പിഎൽസി അംഗങ്ങളും പങ്കെടുക്കണമെന്ന് ലേബർ കമ്മീഷണർ അറിയിച്ചു.

കഴിഞ്ഞ നാലുതവണ ചേര്‍ന്ന പിഎല്‍സി യോഗങ്ങളും പരാജയപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വീണ്ടും പിഎല്‍സിചേരുന്നത്. അതേസമയം, 500 രൂപ മിനിമം കൂലി എന്ന ആവശ്യത്തിൽ നിന്നും ഐക്യ ട്രേഡ് യൂണിയന്റെ ഒരു വിഭാഗം പിന്മാറുന്നതായി സൂചനയുണ്ട്. പെമ്പിളൈ ഒരുമൈയും ഇതേ നിലപാട് സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 380 രൂപ വരെ കൂലി നിശ്ചയിച്ചാലും സമരത്തിൽ നിന്നും പിൻവാങ്ങണമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.

സെപ്തംബർ 28 മുതൽ തൊഴിലാളികൾ സമരത്തിലാണ്. പിഎൽസി യോഗങ്ങള്‍ നടത്തിയെങ്കിലും എല്ലാം പരാജയമാകുകയായിരുന്നു. കഴിഞ്ഞ യോഗത്തില്‍ സര്‍ക്കാര്‍ ഇടക്കാലാശ്വാസം പ്രഖ്യാപിക്കാമെന്ന് പറഞ്ഞെങ്കിലും തുക വ്യക്താമാക്കത്തതിനെ തുടര്‍ന്ന് ട്രേഡ് യൂണിയനുകള്‍ ഇതും അംഗീകരിച്ചില്ല.

പെമ്പിളൈ ഒരുമൈയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നത്തെ പി.എൽ.സി യോഗത്തിന് ശേഷമുണ്ടാകും. തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങേണ്ടെന്ന വാദം ഒരുമൈയിലെ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. സമരം ഇന്നലെയും ശക്തമായിരുന്നു.